ഹര്‍ത്താലിനോടും ഹര്‍ത്താലനുകൂലികളോടും പറഞ്ഞു കടക്കൂ പുറത്ത്! കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്‍ മാണിക്യന്‍ എത്തിയപ്പോള്‍ സ്വീകരിച്ചാനയിച്ച് ആരാധകക്കൂട്ടം; ഹര്‍ത്താല്‍ ദിനത്തിലും തിയറ്ററുകളിലേക്ക് ആളൊഴുക്ക്

പൊതുവെ നാളെ ഹര്‍ത്താലെന്ന വാര്‍ത്ത കേട്ടാല്‍ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും സന്തോഷമാണ്. ക്ലാസില്ല, പരീക്ഷയില്ല…അപ്രതീക്ഷിതമായി കിട്ടുന്ന അവധി എങ്ങനെ ആഘോഷിക്കണമെന്ന ചിന്തയാവും പിന്നീട്. എന്നാല്‍ ഇത്തവണ ഇതാദ്യമായി കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ട് ആളുകള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ സങ്കടപ്പെടുകയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധിക്കുകയും ചെയ്തു.

കാരണം മറ്റൊന്നുമല്ല. മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രം, ഒടിയന്റെ റിലീസ് തന്നെ. എന്നാല്‍ ഹര്‍ത്താലാണെങ്കിലും റിലീസ് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയച്ചതോടെ ആരാധക കൂട്ടത്തിന് ആശ്വാസമായി. പിന്നീട് എങ്ങനെ ഏട്ടന്റെ പടത്തെ ആഘോഷത്തോടെ എതിരേല്‍ക്കാം എന്നതായി ചിന്ത. ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒടിയന്‍ മാണിക്യനെ അവര്‍ സ്വീകരിച്ചാനയിക്കുകയും ചെയ്തു.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറവാണെങ്കിലും തീയ്യേറ്ററുകള്‍ എല്ലാം തന്നെ ഹൗസ്ഫുള്ളാണ്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചില തീയ്യേറ്ററുകളിലെയും ഷോ മാറ്റിവെച്ചു. സുരക്ഷാ പ്രശ്നമുള്ളതിനാല്‍ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദര്‍ശിപ്പിക്കും.

ചിലയിടങ്ങളില്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചിട്ടുണ്ട്. പോലീസ് അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് വൈകിട്ട് ആറ് മണിക്ക് ശേഷമേ ഷോ തുടങ്ങുകയുള്ളൂ എന്നാണ് ചില തീയേറ്ററുകളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ഒടിയന്‍ വെള്ളിയാഴ്ച്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. നിശ്ചയിച്ചിരുന്നത് പോലെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുമെന്ന് പറയുന്ന ബിജെപി കേരളത്തിന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഫാന്‍സ് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.

Related posts