പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയായ യുവാവ് സൈനികൻ. ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്നാണ് വിവരം. ഹേമാംബിക പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. എസ്.ഐമാരായ സുദർശന, ജോൺ സേവ്യർ, സിവിൽ പോലീസ് ഓഫീസർ രജനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ മലമ്പുഴ പയ്യക്കുന്ന് ഭാഗത്തായിരുന്നു സംഭവം. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മലമ്പുഴ ഭാഗങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെ അമിതവേഗതയിൽ വന്ന കാർ പോലീസ് തടഞ്ഞു. വാഹനം വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ പോലീസിനോട് തട്ടിക്കയറി. പ്രകോപനമൊന്നുമില്ലാതെ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവരെ പരസ്യമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
പിന്നീട് കൂടുതൽ പോലീസെത്തിയാണ് കാറിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വനിതാ ഉദ്യോഗസ്ഥയെ ഉൾപ്പെടെ ആക്രമിച്ചതിനും ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
