ന്യൂജഴ്സി: ഇരട്ടഗോള്‍ നേടിയ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിന്റെ തോളിലേറി നോര്‍വെ ഫിഫ 2026 ലോകകപ്പ് നോക്കൗട്ടില്‍. ഗ്രൂപ്പ് ഐയിലെ രണ്ടാം മത്സരത്തില്‍ നോര്‍വെ 3-2ന് സെനഗലിനെ കീഴടക്കി. ആദ്യമത്സരത്തില്‍ നോര്‍വെ 4-1ന് ഇറാക്കിനെ തോല്‍പ്പിച്ചിരുന്നു.
1998നുശേഷം ആദ്യമായാണ് നോര്‍വെ ഫിഫ ലോകകപ്പ് വേദിയില്‍ എത്തുന്നത്. 98ല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച നോര്‍വെ, ഇത്തവണ റൗണ്ട് ഓഫ് 32ല്‍ ഇടം നേടിക്കഴിഞ്ഞു.
മാര്‍ക്കസ് ഹോംഗ്രെന് പെഡേഴ്സണിന്റെ ഗോളില്‍ 43-ാം മിനിറ്റില്‍ നോര്‍വെ ലീഡ് നേടി. ഒരു ഗോളിന്റെ ലീഡുമായി ഒന്നാം പകുതി അവസാനിപ്പിച്ച നോര്‍വെയ്ക്കായി 48-ാം മിനിറ്റുകളില്‍ ഹാലണ്ട് ലക്ഷ്യം കണ്ടു. എന്നാല്‍, സെനഗലിന്റെ ഇസ്മയില സാര്‍ 53-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി.
58-ാം മിനിറ്റില്‍ ഹാലണ്ട് വീണ്ടും വല കുലുക്കി. അതോടെ വൈക്കിംഗ്സ് ദേശക്കാര്‍ 3-1നു മുന്നില്‍. സ്റ്റോപ്പേജ് ടൈമില്‍ ഇസ്മയില സാര്‍ (90+3) രണ്ടാം ഗോള്‍ നേടി സെനഗലിന്റെ തോല്‍വിഭാരം കുറച്ചു.
