പെര്‍ത്ത്: ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് എതിരായ ഏക ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്കു തോല്‍വി. 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഓസീസ് വനിതകള്‍ സ്വന്തമാക്കിയത്.
സ്കോര്‍: ഇന്ത്യ 198, 149. ഓസ്ട്രേലിയ 323, 28/0. ഓസീസ് ഇതിഹാസമായ അലീസ ഹീലിയുടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള വിടവാങ്ങല്‍ മത്സരമായിരുന്നു. മിന്നും ജയത്തോടെ വിടപറയാന്‍ ഹീലിക്കു സാധിച്ചു.
സെഞ്ചുറിയും (129) രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റും നേടിയ അന്നബെല്‍ സതര്‍ലന്‍ഡാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം എന്ന നേട്ടവും ഈ മത്സരത്തിലൂടെ സതര്‍ലന്‍ഡ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക (210), ഇംഗ്ലണ്ട് (163) ടീമുകള്‍ക്ക് എതിരേയായിരുന്നു സതര്‍ലന്‍ഡിന്റെ മറ്റ് സെഞ്ചുറികൾ.
പ്രതിക റാവലിന്റെ (63) അര്‍ധസെഞ്ചുറിയാണ് ഇന്ത്യക്കു രണ്ടാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. 25 റണ്‍സിന്റെ ലക്ഷ്യം മാത്രമാണ് ഇന്ത്യ ആതിഥേയര്‍ക്കു മുന്നില്‍വച്ചത്.
