ന്യൂഡൽഹി: അതിർത്തി സംസ്ഥാനങ്ങളിലെ നഗരങ്ങളെയും വിമാനത്താളങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. ലാഹോറിലും കറാച്ചിയിലും പെഷാവാറിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക് സൈനിക താവളങ്ങളിലും ഇന്ത്യ ശക്തമായ ആക്രമണം നടത്തി.
നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം സ്ഥിരീകരിച്ചു.അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൽ കനത്ത വെടിയൊച്ചയാണു കേൾക്കുന്നത്.
സിർസയിൽ പാകിസ്ഥാന്റെ ലോംഗ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ശക്തമായ ആക്രമണം തുടരുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു.
പാക് വ്യോമപാത പൂർണമായി അടച്ചു
ന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നീക്കം.
ഒരു തരത്തിലുള്ള വ്യോമഗതാഗതവും പാടില്ലെന്നാണ് നിർദേശം. നോട്ടീസ് ടു എയർമെൻ പുറത്തിറക്കി. അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരം നിർദേശം ഒരു രാജ്യം പുറപ്പെടുവിക്കുക.