കോട്ടയം: കഴിഞ്ഞ തദ്ദേശ ഭരണസമിതിയിലെ ജനപ്രതിനിധികള്‍ പഴി കേട്ടത് വികസന മുരടിപ്പില്‍ മാത്രമായിരുന്നില്ല, മറിച്ച് തെരുവുനായ ശല്യത്തിലും ഒട്ടേറെ ആക്ഷേപങ്ങൾ കേൾക്കേണ്ടിവന്നു. ചില മെംബര്‍മാര്‍ തോല്‍വി ഉറപ്പാക്കിയതും വാര്‍ഡുകളിലെ തെരുവുനായ നിയന്ത്രണത്തില്‍ പറ്റിയ വീഴ്ചയാണ്.
ഇന്ന് ചുമതലയേല്‍ക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഇതേ സാഹചര്യം നേരിടേണ്ടിവരും. കോട്ടയം നഗരത്തില്‍ മുന്‍ നഗരസഭാ ചെയര്മാന് ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത്. മറ്റിടങ്ങളിൽ എന്നപോലെ ജില്ലയും നേരിടുന്ന വലിയ പ്രശ്നങ്ങളാണ് തെരുവുനായ ശല്യവും വന്യമൃഗഭീഷണിയും.
കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള അനുമതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഒപ്പം കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങിയാല്‍ വനം വകുപ്പിനെ അടിയന്തരമായി എത്തിച്ച് ജനസുരക്ഷ ഉറപ്പാക്കേണ്ടതും മെംബറുടെയും അധ്യക്ഷന്റെയും ചുമതലയാണ്. വന്യമൃഗ ആക്രമണമോ മരണമോ സംഭവിച്ചാല്‍ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതും ഇവരുടെ ബാധ്യതയാണ്.
തെരുവുനായകളെ നിയന്ത്രിക്കാന്‍ മുന്‍പ് ആവിഷ്കരിച്ച ഒരു പദ്ധതിയും ഫലം കണ്ടില്ലെന്നു മാത്രമല്ല പരാജയവുമായിരുന്നു. തെരുവുനായ വന്ധ്യംകരണം, പേവിഷ പ്രതിരോധ കുത്തിവയ്പ്, ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കല്‍ എന്നിവയൊന്നും ഫലപ്രദമായില്ല. പുതിയ തദ്ദേശ പ്രതിനിധികള്‍ നായ നിയന്ത്രണത്തിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ പ്രതിഷേധവും വിമര്‍ശനവും ശക്തമാകും.
