പന്തളം: പ്രതികൂല കാലാവസ്ഥയും ഉയർന്ന ഉത്പാദനച്ചെലവും വിപണിയിലെ വിലത്തകർച്ചയും പ്രതിസന്ധിയിലാഴ്ത്തുമ്പോഴും കൃഷിയെ മുറുകെപ്പിടിക്കുകയാണ് പന്തളത്തെ കർഷകർ.കൃഷിയിറക്കാൻ അനുകൂലമല്ലാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ടെങ്കിലും പ്രതീക്ഷയുടെ വിത്ത് കൈവിടാതെ കർഷകർ പാടത്ത് പണിയെടുക്കുകയാണ്.
പന്തളം നഗരസഭ, കുളനട, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെയും പാടശേഖരങ്ങളിൽ കൃഷിയിറക്കിത്തുടങ്ങി. നാട്ടിലെ കർഷകരുടെ കുറവുകാരണം ഇതരസംസ്ഥാനതൊഴിലാളികളാണ് പാടത്തെ കൃഷി ജോലികൾക്കായി ഇറങ്ങിയിരിക്കുന്നത്. മുപ്പതിലധികം ഇതര സംസ്ഥാനതൊഴിലാളികളാണ് കഴിഞ്ഞദിവസം കുളനട പഞ്ചായത്തിലെ മാന്തുക പാടശേഖരത്തിൽ ഞാറ് നടാനെത്തിയത്. പാടത്തെ കൃഷിയിൽ ആദ്യം ഇവർ എത്തിയിരുന്നില്ലെങ്കിലും സ്ത്രീകളുൾപ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ പാടത്ത് എല്ലാ സമയത്തും കൃഷിക്കെത്തുന്നുണ്ട്. കൃഷിപ്പണി അറിയാവുന്ന പ്രദേശവാസികളും ഇവരുടെ കൂട്ടത്തിലുണ്ട്.
പന്തളം നഗരസഭയിലെ കരിങ്ങാലിപ്പാടം, കുളനട പഞ്ചായത്തിലെ മാന്തുക ഒന്നും രണ്ടും പുഞ്ചകൾ, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തിലെ മാവര പാടം എന്നിവിടങ്ങളിലാണ് കൃഷിയിറക്കിത്തുടങ്ങിയത്. പാട്ടത്തിനെടുത്ത പാടത്ത് കഷ്ടപ്പെട്ട് കൃഷിയിറക്കി കൊയ്തെടുത്ത നെല്ല് അളന്നുകൊടുത്ത് പണത്തിനായി മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടും കൃഷിയെ കൈവിടാൻ യുവാക്കളുൾപ്പെടെയുള്ള കർഷകർക്കാവില്ല എന്നതിന് തെളിവാണ് ഇക്കുറിയും പാടങ്ങളെല്ലാം പച്ച പുതയ്ക്കുന്നത്.
യുവാക്കൾ കൃഷിയിൽ നിന്ന് പിന്മാറുന്ന കാലത്ത് കരിങ്ങാലിപ്പാടത്ത് മൂന്നു വർഷമായി യുവ കർഷകരും രംഗത്തുണ്ട്. വൈദ്യുതി ഇല്ലാത്തതിനാൽ ഡീസൽ പമ്പുപയോഗിച്ചായിരുന്നു മുൻ വർഷങ്ങളിൽ പാടത്തെ വെള്ളം വറ്റിക്കുകയും ആവശ്യാനുസരണം കയറ്റുകയും ചെയ്തിരുന്നത്. യന്ത്രം ഇറക്കിയാൽ പുതഞ്ഞുപോകുന്നതാണ് ഇവിടെയുള്ള പ്രധാന പ്രശ്നം.
അതിനാൽ വെള്ളം പൂർണമായും വറ്റിച്ചശേഷം മാത്രമേ നിലം ഒരുക്കാനാകൂ. പാടത്ത് വെള്ളം അധികമായാൽ അത് തുറന്നുവിട്ട് കളയുന്നതിനും സൗകര്യം വേണം. ജലസേചനത്തിനായി പെട്ടിയും പറയും വയ്ക്കാനും വൈദ്യുതി ലൈൻ വലിക്കാനും കഴിഞ്ഞാൽ മഴക്കാലത്തിന് മുമ്പ് കൊയ്ത് കയറാനാകും. കൃഷി വൈകിയാൽ വേനൽമഴ ഉൾപ്പെടെ ഭീഷണിയായി മാറുമെന്ന് കർഷകർ പറഞ്ഞു.
വർഷകാലത്ത് പാടത്ത് നിറഞ്ഞുനിൽക്കുന്ന വെള്ളം ആറ്റിലേക്ക് അടിച്ചുവറ്റിച്ചശേഷമാണ് കൃഷിയിറക്കിയിരുന്നത്. മുമ്പ് വെള്ളംമോട്ടോറുപയോഗിച്ച് അടിച്ചുവറ്റിച്ചായിരന്നു നിലമൊരുക്കി കൃഷിറക്കിയിരുന്നത്. വെള്ളം തനിയെ വറ്റുന്നതുവരെ കാത്തിരുന്നാൽ കൊയ്ത്ത് മഴക്കാലത്തേക്ക് നീങ്ങും. ഇത് കൃഷിനാശത്തിനും നെല്ല് വെള്ളത്തിലാകാനും കാരണമാകും. കഴിഞ്ഞ വർഷങ്ങളിലെല്ലാം വരൾച്ചയും കൊയ്ത്ത് സമയത്തുള്ള വെള്ളപ്പൊക്കവും കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.സർക്കാർ സഹായങ്ങളും ഇൻഷ്വറൻസ് പദ്ധതികളും കാലോചിതമായി കർഷകർക്ക് ലഭിക്കാത്തതിൽ വ്യാപകമായ പരാതിയുണ്ട്.
