ചെങ്ങന്നൂർ: കാരക്കാട് കേരള ബാങ്ക് ശാഖയിൽ വൻ കവർച്ചാശ്രമം. ബാങ്കിന്റെ പ്രധാനവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഫയലുകൾ വാരിവലിച്ചിട്ടെങ്കിലും പണമോ മറ്റു രേഖകളോ നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. കോടികളുടെ ഇടപാട് നടക്കുന്ന ബാങ്കിൽ സിസിടിവി അടക്കമുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലുമില്ലാത്തതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
കാരക്കാട് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ബാങ്കിൽ കഴിഞ്ഞ ദിവസമായിരുന്നു കവർച്ചാ ശ്രമം നടന്നത്. പ്രധാന വാതിലിനു മുന്നിലെ ഗ്രില്ലും കതകും തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. ഇന്നലെ രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരനാണ് വാതിൽ തകർത്ത നിലയിൽ ആദ്യം കണ്ടത്.
തുടർന്ന് പോലീസിൽ അറിയിക്കുകയും ചെങ്ങന്നൂർ സിഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ബാങ്കിനുള്ളിലോ പരിസരത്തോ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നില്ല. അതിനാൽ കവർച്ചാശ്രമത്തിന്റെ ദൃശ്യങ്ങൾ ബാങ്കിൽനിന്നും പോലീസിന് ലഭിച്ചില്ല. മോഷണം നടന്ന ദിവസം ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിയിലില്ലായിരുന്നു. ബാങ്കിനെക്കുറിച്ചും അവിടുത്തെ സുരക്ഷാ കുറവുകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം.
ബാങ്കിൽ കാമറയില്ലാത്ത സാഹചര്യത്തിൽ സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ഇതിൽ ഒരാളുടെ ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരുടെ അനാസ്ഥയ്ക്കെതിരേ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. വരും ദിവസങ്ങളിൽ കൂടുതൽ ശാസ്ത്രീയമായ തെളിവെടുപ്പുകളിലൂടെ പ്രതിയെ പിടികൂടാനാണ് പോലീസിന്റെ നീക്കം.
