നരേന്ദ്രമോദിയോടുള്ള രൂപസാദൃശ്യംകൊണ്ട് ജനശ്രദ്ധ നേടിയ അഭിനന്ദന്‍ പതക് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നു! ശ്രദ്ധേയമായ തീരുമാനത്തിന് പിന്നിലെ കാരണമായി പതക് പറയുന്നതിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള രൂപസാദൃശ്യം കൊണ്ട് ജനശ്രദ്ധനേടിയ അഭിനന്ദന്‍ പതക് ബി.ജെ.പി വിടുന്നതായി അറിയിപ്പ്. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് എതിരെ പ്രചരണം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് വ്യക്തമായ കാരണവും തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. തനിക്കുനേരെ ഉയരുന്ന ചില ചോദ്യങ്ങളാണ് ഇത്തരമൊരു നിലപാടിനു കാരണമെന്നാണ് അദ്ദേഹം പറയുന്നത്. തന്നെക്കാണുമ്പോള്‍ പലരും ‘എപ്പോഴാണ് എന്റെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വരുന്നത്?’ എന്ന് ചോദിക്കാറുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിനു മുമ്പ് നല്‍കിയ വാഗ്ദാനം വിശ്വസിച്ചവരാണ് ഈ ചോദ്യമുയര്‍ത്തുന്നത്. ഇത്തരം ചോദ്യങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ തെരഞ്ഞെടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്നും അദ്ദേഹം പറയുന്നു. ‘അത്തരം ചോദ്യങ്ങള്‍ കോണ്‍ഗ്രസിലേക്കു വരാന്‍ എന്നെ നിര്‍ബന്ധിതനാക്കി.

2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കെതിരെ കാമ്പെയ്ന്‍ നടത്താന്‍ ഞാന്‍ തീരുമാനിച്ചു.’ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മോദിയുമായുള്ള പതക്കിന്റെ സാദൃശ്യം ബി.ജെ.പി പലതവണ ഉപയോഗിച്ചിരുന്നു. 2015ലെ ഡല്‍ഹി തെരഞ്ഞെടുപ്പിലും 2017ലെ യു.പി തെരഞ്ഞെടുപ്പിലും മോദിയുടെ റാലിയിലെ പ്രധാന ആകര്‍ഷണമായിരുന്നു പതക്.

രണ്ടു തവണ ഷഹരണ്‍പൂര്‍ കോര്‍പ്പറേറ്ററായ അദ്ദേഹം 2012ലെ വിധാന്‍ സഭ തെരഞ്ഞെടുപ്പിലും 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ‘ഞാന്‍ ശരിക്കും മോദിയെ ആരാധിക്കുന്നു. അദ്ദേഹം എന്നെ കാണുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്കെതിരെ കാമ്പെയ്ന്‍ നടത്താന്‍ തീരുമാനിച്ചു.’ എന്നും പതക് പറയുന്നു.

ബി.ജെ.പി സര്‍ക്കാരിനോടുള്ള ആളുകളുടെ ദേഷ്യം തനിക്കും അനുഭവിക്കേണ്ടി വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ‘ആളുകള്‍ എന്നെ ശപിക്കുകയും അടിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അത്ര ക്ഷമനശിച്ചിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

മോദി തന്നെ അങ്ങേയറ്റം നിരാശനാക്കിയെന്നും അദ്ദേഹം പറയുന്നു. ‘ ഞാന്‍ ഏതാണ്ട് 50 ഓളം കത്തുകള്‍ പ്രധാനമന്ത്രിക്ക് എഴുതി. മോദിജി ഹൃദയം തുറന്നു സംസാരിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ചെവിതരുന്നില്ല.’ പതക് പറയുന്നു.

Related posts