സാമൂഹിക ബോധമുള്ള ചീട്ടുകളിക്കാര്‍ ! കളത്തിലെത്തുന്നവര്‍ക്ക് മാസ്‌കും ഹാന്‍ഡ് വാഷും നിര്‍ബന്ധം;കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ച് ചീട്ടുകളിച്ചവരെ നെടുങ്കണ്ടം പോലീസ് പൊക്കി…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.

ഇത്തരത്തില്‍ മാസ്‌ക്ക് ധരിക്കേണ്ടതും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും അനിവാര്യമാണ്.

ഇത്തരത്തില്‍ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ച് ചീട്ടുകളിച്ച സംഘത്തെയാണ് നെടുങ്കണ്ടത്ത് പോലീസ് പൊക്കിയത്.

രണ്ടു സ്ഥലങ്ങളിലായി ഏഴു പേരെ അറസ്റ്റു ചെയ്യുകയും 10,750 രൂപ പിടിച്ചെടുക്കുകയും ചെയ്തു.

ചീനിപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് സമീപത്തെ കാപ്പിത്തോട്ടത്തില്‍ ടോക്കണ്‍ സംവിധാനത്തില്‍ ചീട്ടുകളി നടത്തിയ സംഘത്തെയാണ് പിടികൂടിയത്. ചീട്ടുകളിക്കായി ഒരുക്കിയിരുന്ന സംവിധാനങ്ങള്‍ പരിശോധനക്കെത്തിയ പോലീസിനെ അമ്പരപ്പിച്ചു.

ചീട്ടുകളി സ്ഥലത്തേക്ക് കയറുന്നതിനുമുന്‍പായി ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനമില്ല.

പോലീസ് വന്നാല്‍ അറിയിക്കാന്‍ റോഡില്‍ ഫോണുമായി ആറ് ചാരന്‍മാര്‍. ഇവര്‍ക്ക് 400 രൂപ ദിവസവും ശമ്പളം നല്‍കിയാണ് ചീട്ടുകളി നടത്തിയിരുന്നത്.

സമ്പര്‍ക്കവിലക്ക് തുടങ്ങിയതുമുതല്‍ ഇവിടെ പണവും വാഹനവുംവെച്ച് ചീട്ട് കളിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.

15 ദിവസമായി ചീട്ടുകളികേന്ദ്രം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ചീട്ടുകളിക്ക് ചില പൊതുപ്രവര്‍ത്തകരടക്കം എത്തിയതറിഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്.

സ്ഥലം റെയ്ഡ് ചെയ്യുന്നതിനു മുമ്പ് പോലീസ് ചെയത കാര്യം ചീനിപ്പാറയിലേക്കുള്ള വഴിയില്‍ വിവിധയിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന ചാരന്മാരെ പൊക്കുക എന്നതായിരുന്നു.

ഇവരെ പിടികൂടിയ എസ് ഐ കെ.ദിലീപ് കുമാര്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു.

എസ്.ഐ.യോടൊപ്പം പോലീസുകാരയ അഭിലാഷ്, എബിന്‍, ഗ്രേസണ്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം സ്വകാര്യ വാഹനത്തില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്.

മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെന്നും നെടുങ്കണ്ടം പോലീസ് അറിയിച്ചു. ഇവിടെനിന്ന് 4000 രൂപയും പിടികൂടി.

രണ്ടാമത്തെ കേസില്‍ ബാലന്‍പിള്ള സിറ്റിയില്‍ ചീട്ടുകളി നടത്തിയിരുന്ന അഞ്ചംഗ സംഘത്തെ അഡീഷണല്‍ എസ്.ഐ. റോയിമോന്‍, സുനില്‍ മാത്യു, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

6750 രൂപ ഇവരില്‍നിന്ന് പിടിച്ചെടുത്തു. പ്രതികളെയും ഇവരുടെ മൂന്ന് വാഹനങ്ങളും പോലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Related posts

Leave a Comment