കണ്ണൂർ: സർക്കാർ ജീവനകാർക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കിയെന്നും കരുതൽ തുടരുമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാട്സാപ്പ് സന്ദേശം. ഇന്ന് രാവിലെ മുതലാണ് സർക്കാർ ജീവനക്കാരുടെ ഫോണിലെ വാട്സാപ്പിലേക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയത്. എല്ലാവരുടെയും പേര് പറഞ്ഞും നമസ്കാരം പറഞ്ഞുമാണ് സന്ദേശം.
സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ; കഴിഞ്ഞ ബജറ്റിൽ നൽകിയ പ്രധാന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ സർക്കാർ പൂർണമായും അനുവദിച്ചിരിക്കുന്നു.
ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ അനുവദിച്ച 3 ശതമാനത്തിന് പുറമെ, ബാക്കിയുള്ള 10 ശതമാനം ഡിഎ കൂടി അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി വർധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച 3 ശതമാനം ഡിഎയും ഏപ്രിൽ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10 ശതമാനം ഡിഎയും നിങ്ങളുടെ കൈകളിലെത്തും.
സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ അഡ്വാൻസ് പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ എന്ന് പറഞ്ഞ് അവസാനിക്കുന്ന സന്ദേശത്തിൽ ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ടെന്നും പറയുന്നു. മുഖ്യമന്ത്രിയുടെ ചിത്രത്തോടുകൂടിയുള്ള പോസ്റ്ററും സന്ദേശത്തോടൊപ്പം ഉണ്ട്.
റെനീഷ് മാത്യു
