ലഹരിമരുന്ന് മാഫിയയുടെയും ലഹരി കടത്തുകാരുടെയും ഉറക്കംകെടുത്തിയ കേരള പോലീസിലെ ആദ്യനാര്ക്കോട്ടിക് സ്നിഫര്‍ ഡോഗായ ബ്രൂസ് (നീലി) ദൗത്യത്തില്‍നിന്നു വിരമിച്ചു. കേരള പോലീസിന്റെ അഭിമാനമായിരുന്ന ബ്രൂസ് 11 വര്‍ഷത്തെ സേവനത്തിനുശേഷമാണ് പടിയിറങ്ങിയത്. 2015 ജൂണ്‍ 30നാണ് ബ്രൂസ് പോലീസ് സേനയുടെ ഭാഗമായത്.
തൃശൂര്‍ പോലീസ് അക്കാദമിയിലെ ഒന്‍പതു മാസത്തെ പരിശീലനത്തിനുശേഷമാണ് ജില്ലാ ഡോഗ് സ്ക്വാഡിലെത്തുന്നത്. തുടര്‍ന്ന് ഈ നായ ലഹരിമരുന്ന് വേട്ടയില്‍ പോലീസിന് കരുത്തായിമാറി. അന്‍പതോളം പ്രധാന ലഹരിമരുന്ന് കേസുകള്‍ തെളിയിക്കാന്‍ പോലീസിന് ബ്രൂസ് നല്കിയ സംഭാവന വിലമതിക്കാനാകാത്തതാണ്.
ബ്രൂസിന്റെ സഹായമില്ലായിരുന്നെങ്കില്‍ പല ലഹരിക്കേസുകളും തെളിയിക്കാന്‍ കഴിയാതെ പോകുമായിരുന്നു. ലഹരിമരുന്നിന്റെ സാന്നിധ്യം എവിടെയുണ്ടെന്നു കൃത്യമായി നിര്‍ണയിക്കാന്‍ ബ്രൂസിനുണ്ടായിരുന്നത് അസാധാരണമായ കഴിവായിരുന്നു. അതിനാല്‍ ലഹരിയുടെ “കില്ലര്‍’ ആയാണ് ഈ നായ അറിയപ്പെട്ടിരുന്നത്. നല്ല ഇണക്കവും കുശാഗ്രബുദ്ധിയും ബ്രൂസിന്റെ പ്രകൃതമായിരുന്നു.
2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച് ദേശീയ പോലീസ് മീറ്റില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്താനും ബ്രൂസിന് കഴിഞ്ഞു. വിരമിച്ച ബ്രൂസിനെ ദത്തെടുക്കാന്‍ ഹാന്‍ഡ്ലറായ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത് മോഹന്‍ സന്നദ്ധത അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്നു നായയെ ഇദ്ദേഹത്തിന് കൈമാറി. കുയിലിമലയിലെ ഇടുക്കി കെ-9 സ്ക്വാഡ് കെട്ടിടസമുച്ചയത്തില്‍ നടന്ന വിരമിക്കല്‍ ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഇമ്മാനുവല്‍ പോള്‍, അഞ്ചാം ബറ്റാലിയന് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.എം. ജിജിമോന്, സബ് ഇന്‍സ്പെക്ടര്‍മാരായ സുരേഷ് ബാബു, ബിനോയി തോമസ് എന്നിവരും ബ്രൂസിന്റെ സേവനങ്ങളെ പ്രകീര്ത്തിക്കാനെത്തിയിരുന്നു.
