കുമരകം: വേമ്പനാട്ടുകായലിന്റെ കിഴക്കേ തീരത്തും കുമരകം ബോട്ട് ജെട്ടി തോട്ടിലും പോള തിങ്ങി നിറഞ്ഞതോടെ ബോട്ട് യാത്രക്കാരും കായലില്‍ ഉപജീവനം നടത്തുന്ന തൊഴിലാളികളും ദുരിതത്തിലായി. മുഹമ്മയില്‍നിന്ന് കുമരകത്തേക്ക് ബോട്ടില്‍ പുറപ്പെടുന്നവര്‍ക്ക് കുമരകം ബോട്ടുജെട്ടിയില്‍ ഇറങ്ങാന്‍ കഴിയുന്നില്ല. വേമ്പനാട്ടു കായല്‍ തീരത്തുള്ള സെന്റ് മേരീസ് കുരിശു പള്ളിക്കു സമീപം ഇറങ്ങണം. അവിടെ നിന്നും ഒരു കിലോമീറ്റര്‍ നടന്നാലെ ബോട്ടുജെട്ടി ബസ് സ്റ്റാന്റില്‍ എത്താന്‍ കഴിയു. ഇത് പുതിയ ദുരനുഭവമല്ല. വര്‍ഷങ്ങളായുള്ളതാണ്.
പഞ്ചായത്തില്‍നിന്നു നടത്തുന്ന നടപടികളൊന്നും ശാശ്വതമല്ല. ബോട്ട് ജെട്ടിയിലെ കായല്‍ കുരിശടിയില്‍ വേലി കെട്ടി പോള തടയണം എന്ന ആവശ്യം ശക്തമാണെങ്കിലും അത് പരീക്ഷിച്ച് പരാജയപ്പെട്ടതാണ്.
തണ്ണീര്‍മുക്കം ബണ്ട് അടച്ചതോടെ നീരൊഴുക്കില്ലാതെ പോള കെട്ടിക്കിടക്കുകയാണ്. കുമരകത്തെ പ്രധാന തോടുകൾ പോള നിറഞ്ഞിരിക്കുകയാണ്. ബോട്ട് ജെട്ടി തോട്ടിലെ അവസ്ഥ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസിനെ മാത്രമല്ല, ടൂറിസ്റ്റ് ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ശിക്കാര ബോട്ടുകള്‍ തുടങ്ങിയവയെ കൂടി ബാധിച്ചത് വിനോദസഞ്ചാര മേഖലക്കും കനത്ത തിരിച്ചടിയായി.
പോള ശല്യത്തിന്റെ കാരണം തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടച്ച് ഉപ്പുവെള്ളത്തെ തടയുന്നതാണ്. കുട്ടനാട്ടിലും വേമ്പനാട്ടു കായലിലുമൊക്കെ ഉപ്പുവെള്ളം കയറിക്കൊണ്ടിരുന്ന കാലത്ത് പോളശല്യമുണ്ടായിരുന്നില്ല. കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് നെല്‍കൃഷി നടത്തി വിളവെടുക്കുകയും മാര്‍ച്ച് 15 ന് തന്നെ ബണ്ടിന്റെ ഷട്ടര്‍ തുറന്ന് ഉപ്പ് വെള്ളം കുട്ടനാട്ടില്‍ കയറാന്‍ അവസരം നല്‍കുകയാണ് പോള ശല്യം ഇല്ലാതാക്കാനുള്ള ശാശ്വത പരിഹാരമെന്ന് നാട്ടുകാര്‍ പറയുന്നു.
