ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസിന്റെ ആക്രമണം

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചതായി പരാതി. മലകയറാനെത്തിയ സ്ത്രീകളുടെ പ്രതികരണം എടുക്കാനെത്തിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറമാന്‍മാരെയും പോലീസ് കൈയ്യേറ്റം ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് പിടിച്ചുതള്ളിയ രണ്ടു ക്യാമറമാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം അയ്യപ്പ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങുന്നു. ബിന്ദു, കനക ദുര്‍ഗ എന്നിവരാണ് മടങ്ങുന്നത്. ഇന്ന് പുലര്‍ച്ചെയാണ് യുവതികള്‍ ശബരിമലയില്‍ എത്തിയത്. മരക്കൂട്ടം പിന്നിട്ടശേഷമാണ് യുവതികളുടെ മടക്കം.

യുവതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപ്പെട്ട് യുവതികളെ പറഞ്ഞ് അനുനയിപ്പിച്ചശേഷമാണ് മലയിറങ്ങുന്നത്. സന്നിധാനത്തേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതികളെ പിന്തിരിപ്പിച്ചത്. പോലീസ് സുരക്ഷയിലാണ് യുവതികള്‍ മടങ്ങുന്നത്.

അതേസമയം മടങ്ങാന്‍ തയാറാകാതിരുന്ന ബിന്ദുവിനെ ബലം പ്രയോഗിച്ചാണ് പോലീസ് പിന്തിരിപ്പിച്ചത്. മലയിറങ്ങുന്നതിനിടെയും യുവതികള്‍ പ്രതിഷേധം അറിയിച്ചു. യുവതികള്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ പോലീസ് ആംബുലന്‍സ് എത്തിച്ച് ബലം പ്രയോഗിച്ച് യുവതികളെ ഇവിടെനിന്നും നീക്കിയത്.

Related posts