തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് പരാതി, മുന്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ പോലീസ് കേസെടുത്തു. ഒരു രൂപ പോലും വാങ്ങിയിട്ടില്ല, പരാതിക്കാരനെ അറിയില്ല. ബ്ലാക്ക് മെയിലിംഗ് തന്ത്രമാണെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ഷിബു ബേബിജോണ്‍ വ്യക്തമാക്കി.
കുമാരപുരത്തിന് സമീപം ഷിബു ബേബിജോണിന്റെ പേരിലുള്ള സ്ഥലത്ത് ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ബിള്‍ഡര്‍ പണം വാങ്ങിയെന്ന പരാതിയിലാണ് ഷിബു ബേബിജോണിനെയും പ്രതിയാക്കി മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.
ഷിബു ബേബിജോണിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫ്ളാറ്റ് നിര്‍മിച്ച് കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയത് ബിള്ഡറാണെന്നും തനിക്ക് അതില്‍ ബന്ധമില്ലെന്നും ഷിബു പറഞ്ഞു.
ബിള്‍ഡറും കരാറുകാരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഫ്ളാറ്റ് നിര്‍മാണം നിലയ്ക്കുകയായിരുന്നു.തന്റെ സ്ഥലത്ത് ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുവാദം കൊടുത്തെങ്കിലും തനിക്കും ബിള്ഡറില് നിന്നും പണം കിട്ടിയില്ലെന്ന് ഷിബു പറഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരന്. പതിനഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം.
എന്നാല്‍ പരാതിക്കാരനെ താന്‍ നേരിട്ട് കണ്ടിട്ടില്ല. ഫ്ളാറ്റ് വാങ്ങുന്നവരും ബിള്‍ഡറും തമ്മിലാണ് കരാറെന്നും തന്നെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നത് ബ്ലാക്ക് മെയില്‍ തന്ത്രമാണെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ഷിബു പറഞ്ഞു.
പോലീസില്‍ ലഭിച്ച പരാതി നേരത്തെ പോലീസ് തള്ളിക്കളഞ്ഞതാണ്. ഇപ്പോഴത്തെ കേസിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
