പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ പറന്നെത്തിയ കുട്ടിഡ്രൈവറെ പൊക്കി, പെറ്റിയടയ്ക്കണമെന്ന് പറഞ്ഞതോടെ പയ്യന്‍ തലകറങ്ങി താഴെവീണു, മലപ്പുറത്ത് പോലീസ് പുലിവാലു പിടിച്ചതിങ്ങനെ

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കുട്ടി ഡ്രൈവര്‍ കുഴഞ്ഞു വീണു. കുട്ടിയെയും കൊണ്ട് പോലീസ് വലഞ്ഞു. അവസാനം കേസെടുക്കാതെ പോലീസ് തടിയൂരി. വാണിമേലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാണിമേല്‍ വയല്‍ പീടികക്കടുത്ത് പോലീസ് കണ്‍ട്രോള്‍ റൂം സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സ്‌കൂട്ടറുമായി വന്നത്.

ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ വിദ്യാര്‍ഥിയെ പോലീസ് കൈകാണിച്ചു നിര്‍ത്തി. ചോദ്യം ചെയ്യുന്നതിനിടെയാണ് കുട്ടി ബോധരഹിതനായത്. വാഹനം സ്റ്റേഷനിലേക്ക് കൊണ്ട് പോകുമെന്നും ആയിരത്തി അഞ്ഞൂറ് രൂപ പിഴ അടക്കണമെന്നും പോലീസ് പറഞ്ഞതോടെയാണ് വിദ്യാര്‍ഥി കുഴഞ്ഞ് വീണത്. ഇതോടെ പോലീസ് സംഘം പരിഭ്രാന്തരായി.

പണിപാളിയെന്ന് മനസിലായ പോലീസ് കുട്ടിയെ പരിസരത്തുള്ള യുവാവിനെ ഏല്‍പ്പിച്ച് പോലീസ് രക്ഷപ്പെടുകയായിരുന്നു. നാദാപുരം മേഖലയില്‍ കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് പോലീസ് പറയുന്നത്. മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് പ്രധാനമായും ബൈക്കുകളിലെത്തുന്നത്.

Related posts