ഉത്തരവാദിത്വത്തോടെ ജോലി ചെയ്ത പോലീസുകാരെയും നിസാര കുറ്റങ്ങള്‍ക്ക് പെറ്റിയടക്കേണ്ടി വരുന്ന പൊതുജനത്തെയും ഇളിഭ്യരാക്കി ആ അഞ്ച് പോലീസുകാരും മലയിറങ്ങി! പൊന്മുടിയില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്ത

കാര്‍ന്നോര്‍ക്ക് അടുപ്പിലും ആവാം എന്നൊരു പഴഞ്ചൊല്ല് നാട്ടില്‍ പ്രചാരത്തിലുണ്ട്. ആ രീതിയാണോ കേരളത്തിലെ പോലീസും പിന്തുടരുന്നതെന്നൊരു സംശയം ആരെങ്കിലും ചോദിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് സമീപകാലത്തെ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച്, സകലമാന റോഡ് നിയമങ്ങളും ലംഘിച്ച്, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത് കൂസലില്ലാതെ ഇറങ്ങിപ്പോന്ന ഏതാനും പോലീസുകാരുടെ വാര്‍ത്തയാണ് മേല്‍ സൂചിപ്പിച്ചതുപോലെ ചോദിക്കാന്‍ ആളുകളെ ഇപ്പോള്‍ പ്രരിപ്പിക്കുന്നത്.

പൊന്‍മുടിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. മദ്യപിച്ചു വാഹനമോടിച്ചു പിടിയിലായ സാധാരണക്കാര്‍ നിരനിരയായി നില്‍ക്കുമ്പോഴാണ് അഞ്ച് പോലീസ് നേതാക്കള്‍ ലഹരിയില്‍ ആറാടി, എസ്‌ഐയെ നോക്കി അട്ടഹസിച്ചത്.

സിപിഎമ്മിനെ അനുകൂലിക്കുന്ന പോലീസ് അസോസിയേഷന്റെ എസ്എപിയിലെ പ്രമാണിമാരാണ് നായകര്‍. ലീവോ അനുമതിയോ തേടാതെ ഒരു കാറുമായി 5 നേതാക്കളും പൊന്‍മുടിയിലെത്തിയതാണ്. രേഖകളില്‍ ഡ്യൂട്ടിയിലാണുതാനും. അവിടെ മുറിയെടുത്ത് ബോറടി മാറ്റി, നേരം ഇരുട്ടിയപ്പോള്‍ കാറില്‍ അപ്പര്‍ സാനിറ്റോറിയത്തിലേക്ക് യാത്രയായി.

റോഡ് നിയമങ്ങളെല്ലാം തെറ്റിച്ചായിരുന്നു യാത്ര. അപ്പോഴാണു സ്ഥലം എസ്‌ഐയും സംഘവും വാഹനപരിശോധന നടത്തുന്നത്. കാറിലെ ഏമാന്‍മാര്‍ക്ക് യൂണിഫോം ഇല്ലാത്തതിനാല്‍ എസ്‌ഐ സാധാരണ ജനത്തെ പോലെ ഇവരെയും ‘ഊതിപ്പിച്ചു’. ഞങ്ങള്‍ നിങ്ങളുടെ നേതാക്കളാണ്, വിട്ടില്ലെങ്കില്‍ വിവരം അറിയും എന്നുപറഞ്ഞിട്ടും എസ്‌ഐയും സംഘവും പിന്‍മാറിയില്ല.

ഇവരെയും പെറ്റിയടിക്കണമെന്നായി കൂടി നിന്നിരുന്ന ജനം. രംഗം വഷളായതോടെ എസ്‌ഐ അവരെ ജീപ്പിലാക്കി. സ്റ്റേഷനില്‍ എത്തിക്കേണ്ട താമസം, ആദ്യം അസോസിയഷന്റെ റൂറല്‍ ജില്ലാ നേതാവിന്റെ വിളി. ഏശാതെ വന്നതോടെ സംസ്ഥാന നേതാവിന്റെ വിളിയുമെത്തി. പൊന്‍മുടിയില്‍ നിന്ന് എങ്ങോട്ട് സ്ഥലം മാറ്റാന്‍ എന്നായി എസ്‌ഐ. എന്നാല്‍ ഉഗ്രശാസനയോടെ രാത്രി എസ്.പി.യുടെ വിളിയെത്തി. അതോടെ എസ്‌ഐയ്ക്ക് വേറെ വഴിയില്ലാതായി. നേതാക്കള്‍ കൂടുതല്‍ അഭിമാനത്തോടെ മലയിറങ്ങുകയും ചെയ്തു.

മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 185 പ്രകാരം മദ്യപിച്ചു വാഹനം ഓടിക്കല്‍, പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കല്‍, പോലീസ് ആക്ട് 118 (എ), പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ ഐപിസി 353, 352 എന്നീ വകുപ്പുകളും, വീട്ടില്‍ നിന്ന് മുറ്റം കടക്കുമ്പോള്‍ ഹെല്‍മറ്റ് പരിശോധനയില്‍ പിടിക്കപ്പെട്ട് പെറ്റിയടക്കേണ്ടി വരുന്ന പൊതുജനവുമാണ് സമാനമായ ഓരോ സംഭവത്തിലൂടെയും ഇളിഭ്യരാവുന്നതെന്ന് ചുരുക്കം.

Related posts