പിടിച്ചെടുക്കുന്ന മയക്കുമരുന്ന് മറിച്ചു വില്‍ക്കാന്‍ പോലീസില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ മാഫിയ ; കൊള്ളപ്പലിശക്കാരില്‍ നിന്നു രക്ഷപ്പെടാനായി പോലീസിനെ സമീപിച്ച ചലച്ചിത്ര നിര്‍മാതാവിനെയും ഇരയാക്കി; പോലീസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കളികള്‍ ഇങ്ങനെ…

എറണാകുളം: മയക്കുമരുന്ന് കേസുകളില്‍ തൊണ്ടിമുതലായി സൂക്ഷിക്കുന്ന മയക്കുമരുന്ന് രാജ്യാന്തര മാഫിയയ്ക്ക് മറിച്ചു വില്‍ക്കുന്ന സംഘം പോലീസില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന. മറ്റു ചില കേസുകളില്‍ കുടുങ്ങിയ കൊല്ലം സ്വദേശിയെ മയക്കുമരുന്ന് വാഹകനായി ഉപയോഗിച്ച് കോടികള്‍ തട്ടിയെടുത്തശേഷം വകവരുത്താന്‍ ഷാഡോ പോലീസുകാരടങ്ങുന്ന സംഘം ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു നടത്തിയ പ്രാഥമികാന്വേഷണത്തിലാണു പോലീസ്-മാഫിയ ബന്ധം ചുരുളഴിഞ്ഞത്. സംഭവം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തി.

ചലച്ചിത്രനിര്‍മാതാവുകൂടിയായ എം.ബി.ബി.എസുകാരനാണു പരാതിക്കാരന്‍. കൊള്ളപ്പലിശക്കാരില്‍ നിന്നു രക്ഷപ്പെടാനായാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്. ചെന്നൈ ബന്ധമുള്ള മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ പോലീസിന്റെ ചാരനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതില്‍നിന്നു കിട്ടുന്ന പ്രതിഫലം ഉപയോഗിച്ച് സാമ്പത്തികബാധ്യതകള്‍ തീര്‍ക്കാമെന്നായിരുന്നു പോലീസ് മാഫിയയുടെ വാഗ്ദാനം. പോലീസിന്റെ വാക്കു കേട്ട് പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ കൈയ്യിലെ പണം പോയതു മാത്രം മിച്ചം.

ആദ്യമായി മാന്‍കൊമ്പ് ഇടപാടുകാരെ കുടുക്കാനാണ് പോലീസ് ഇയാളെ ഉപയോഗിച്ചത്. പറവൂരിലെ ഒരു ഹോട്ടലില്‍ നിന്നും മാന്‍കൊമ്പ് ഇടപാടുകാരെ പിടിക്കുകയും ചെയ്തു. അഞ്ചു ലക്ഷം രൂപ തന്നാല്‍ സംഘത്തെ വെറുതെ വിടാമെന്ന് പറഞ്ഞ പോലീസ് പണം സംഘടിപ്പിക്കാനായി ഒരാളെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് വെറും 25000 രൂപയേ സംഘടിപ്പിക്കാനായുള്ളൂ. ഇത് പോലീസ് അടിച്ചെടുക്കുകയും ചെയ്തു. സംഘത്തെ പിടികൂടിയ വാര്‍ത്ത എങ്ങനെയോ പുറത്തറിഞ്ഞതോടെ കൂടുതല്‍ പണം തട്ടാനുള്ള പദ്ധതി പൊളിയുകയും ചെയ്തു.

പിന്നീടാണ് മയക്കുമരുന്ന് ഇടപാടുകാരനെന്ന നിലയില്‍ നിര്‍മാതാവിനെ ചെന്നൈ മാഫിയയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കെണി പോലീസ് ഒരുക്കി. ചെലവിനെന്നു പറഞ്ഞ് ബന്ധുവിന്റെ കാര്‍ പണയം വയ്പ്പിച്ച് ഇദ്ദേഹത്തില്‍നിന്നു 10 ലക്ഷം രൂപ വാങ്ങി. പോലീസുകാരുമൊത്ത് നിര്‍മാതാവ് ചെന്നൈയിലെത്തി. ഒരു ഇന്‍ഫോര്‍മറും ഒപ്പമുണ്ടായിരുന്നു. ശ്രീലങ്ക, മാലി. ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘവുമായിട്ടാണ് ഇടപാട് നിശ്ചയിച്ചിരുന്നത്. അക്കൗണ്ടില്‍നിന്നു പിന്‍വലിച്ച ആറുലക്ഷം രൂപയുമായി നിര്‍മാതാവ് ഹോട്ടലില്‍ ചെന്നൈ സംഘത്തെ സമീപിച്ചു. ഐസ്മത് എന്നറിയപ്പെടുന്ന ഒരു കിലോഗ്രാം മയക്കുമരുന്ന് വാങ്ങി ആറുലക്ഷം രൂപ ചെന്നൈ സംഘത്തിനു കൈമാറി.

അടുത്തദിവസം 10 കിലോ ഐസ്മത്തും രണ്ടു കിലോ ഹഷീഷും നല്‍കാമെന്ന് ഉറപ്പുനല്‍കി സംഘം പോയി. ഈ ഇടപാട് കൈയോടെ പിടിക്കാന്‍ സമീപത്തെ മറ്റൊരു ഹോട്ടലില്‍ പോലീസ് ക്യാമ്പ് ചെയ്തിരുന്നു. ചെന്നൈ സംഘം അടുത്തദിവസം മയക്കുമരുന്നുമായി നിര്‍മാതാവിന്റെ ഹോട്ടല്‍ മുറിയിലെത്തി. രണ്ടു കിലോ ഐസ്മത്തും രണ്ടു കിലോ ഹഷീഷും പക്കലുണ്ടെന്നും ബാക്കി സമീപത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍നിന്ന് എടുക്കാമെന്നും പറഞ്ഞു. മയക്കുമരുന്ന് കൈമാറുന്നതിനിടെ പോലീസ് എത്തി എല്ലാവരെയും പിടികൂടി.

എന്നാല്‍ കാര്യം കണ്ടു കഴിഞ്ഞപ്പോള്‍ പോലീസുകാരുടെ നിറംമാറി. ചെന്നൈ സംഘത്തലവനുമായി കേരളത്തിലെത്തിയ പോലീസ് തിരക്കഥ മാറ്റിയെഴുതി. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനു സമീപത്തുനിന്നു മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തെന്നായിരുന്നു പുതിയ കഥ. ചെന്നൈയില്‍ താമസിച്ചതുമായ ബന്ധപ്പെട്ട രേഖകളെല്ലാം നശിപ്പിച്ചു. പുതിയ കഥ മാധ്യമങ്ങള്‍ക്കു നല്‍കി. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഒരുഭാഗം മാത്രമാണു രേഖകളില്‍ കാണിച്ചത്.

നിര്‍മാതാവിനെ കേസില്‍നിന്ന് ഒഴിവാക്കിയെങ്കിലും മുടക്കിയ പണം തിരികെ നല്‍കിയില്ല. പൂഴ്ത്തിയ മയക്കുമരുന്ന് വിറ്റ് മുഴുവന്‍ സാമ്പത്തികബാധ്യതയും തീര്‍ത്തുകൊടുക്കാമെന്ന് ഉറപ്പുനല്‍കി. ഈ മയക്കുമരുന്ന് ശ്രീലങ്കന്‍ ബന്ധമുള്ള സംഘത്തിനു പോലീസ് 1.25 കോടി രൂപയ്ക്കു വിറ്റെന്നാണു പരാതി. തന്റെ പണം കിട്ടണമെന്നാവശ്യപ്പെട്ടു പലതവണ നിര്‍മാതാവ് സമീപിച്ചതോടെ പോലീസിന്റെ സമീപനം മാറി. അദ്ദേഹത്തെ വകവരുത്താന്‍ നീക്കമാരംഭിച്ചു.

അതിനുമുമ്പ് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടു സംബന്ധിച്ച ആദ്യ കേസ് പൊടിതട്ടിയെടുത്ത് പ്രതിയാക്കാന്‍ നീക്കം തുടങ്ങി. ബോംബുമായി വാടകക്കൊലയാളിയേയും ഏര്‍പ്പാടാക്കി. ഒരു തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാക്കുമെന്ന ഭീഷണിയും മുഴക്കി. വീട്ടില്‍നിന്നു മയക്കുമരുന്ന് പിടികൂടുമെന്നായിരുന്നു മറ്റൊരു ഭീഷണി.ഇതിനിടെ മാഫിയയില്‍പ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാലിയില്‍നിന്നെത്തിയ ഏജന്റുമായി മയക്കുമരുന്ന് ഇടപാടിലേര്‍പ്പെട്ടു. ചെന്നൈയില്‍നിന്ന് തട്ടിയെടുത്ത മയക്കുമരുന്നില്‍ ഒരുഭാഗം മാലിക്കാര്‍ക്കു വിറ്റെന്നു കരുതപ്പെടുന്നത്. പോലീസില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ ഏജന്റുമാരില്‍ ഒരാളുടെ ബന്ധു ശ്രീലങ്കക്കാരിയാണെന്ന വിവരവും ഇതിനിടയില്‍ പുറത്തുവന്നു. സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

Related posts