മലയാള സിനിമയ്ക്കും സാഹിത്യ ലോകത്തിനും മുതുകുളം ഞവരയ്ക്കൽ തറവാടിനും വലിയൊരു ശൂന്യത അവശേഷിപ്പിച്ചാണ് മുപ്പത്തിയഞ്ച് വർഷം മുമ്പ് പപ്പേട്ടൻ കടന്നുപോയത്. എഴുത്തുകാരനും ചലച്ചിത്രകാരനുമായി മലയാളിയുടെ മനസിൽ ഗന്ധർവ സാന്നിധ്യമായി മാറിയ പത്മരാജൻ ഇന്നും ഓർമകളിൽ ഗന്ധർവ്വനായി തന്നെ ജീവിക്കുകയാണ്.
അക്ഷരത്തിലും അഭ്രപാളിയിലും ജീവൻ നൽകിയ ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് പത്മരാജൻ മലയാളിക്ക് സമ്മാനിച്ചത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഗന്ധർവ കഥകളുമായി ഓണാട്ടുകരയിലെ മുതുകുളം ഗ്രാമത്തിൽ ഇപ്പോഴും ആ ഗന്ധർവന്റെ ശക്തമായ സാന്നിധ്യമുണ്ട്. മിക്ക കഥാതന്തുക്കളെയും കഥാപാത്രങ്ങളെയും പത്മരാജൻ കണ്ടെടുത്തത് മുതുകുളം ഗ്രാമത്തിൽ നിന്നാണ്. ആ ഗ്രാമം അദ്ദേഹത്തിന് ഹൃദയത്തുടിപ്പായിരുന്നു.
ദീർഘകാലം നഗരങ്ങളിൽ കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളെയും തേടി അദ്ദേഹത്തിന്റെ മനസ് സഞ്ചരിച്ചത് മുതുകുളം ഗ്രാമത്തിന്റെ ഇടവഴികളിലൂടെയായിരുന്നു. അതിനാൽ പത്മരാജന്റെ കഥാപാത്രങ്ങളിലെ പലരെയും ഗ്രാമത്തിലെ ഇടവഴികളിൽ കണ്ടുമുട്ടാൻ സാധിക്കുമായിരുന്നു.
വാണിയൻകുഞ്ചുവിന്റെ മകൻ രാമനും തകരയിലെ ചെല്ലപ്പൻ ആശാരിയും പാത്തുമ്മയുമൊക്കെ ആയി നൂറുനൂറ് കഥാപാത്രങ്ങൾക്ക് സ്വന്തം ഗ്രാമത്തിൽ നിന്ന് ജന്മം നല്കിയ അദ്ദേഹം ഭൂമിയിൽ നിന്നല്ലാത്ത ഒരു കഥാപാത്ര ത്തെ മാത്രമേ സൃഷ്ടിച്ചുള്ളു. അതാണ് അദ്ദേഹത്തിന്റെ അവസാന സിനിമയിലെ ഗഗനചാരിയായ ഗന്ധർവൻ ഈ സിനിമയിലും മുതുകുളം ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ ജ്വലിച്ചുനിന്നു.
പെരുവഴിയമ്പലം, ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, കള്ളൻ പവിത്രൻ, രതിനിർവേദം തുടങ്ങിയ പപ്പേട്ടന്റെ സിനിമകളിലെല്ലാം അരപ്പട്ടകെട്ടിയ ഗ്രാമത്തിന്റെ പരിച്ഛേദനങ്ങളായിരുന്നു. 1960 ൽ 20ാം വയസിൽ ആദ്യകഥയുമായി മലയാള സാഹിത്യത്തിൽ സാന്നിധ്യമറിയിച്ച അദ്ദേഹം അമേരിക്ക കാണാതെ അമേരിക്കൻ ഐക്യനാടുകളുടെ പശ്ചാത്തലമൊരുക്കി. ലോല വിൽഫ്രോഡ് എന്ന കൃതിയിലൂടെ തീക്ഷ്ണമായ കൗമാര പ്രണയകഥ രചിച്ചു.
25ാം വയസിൽ പ്രസിദ്ധീകരിച്ച നക്ഷത്രങ്ങളെ കാവൽ എന്ന സമ്പൂർണ നോവലിന് കേരള സാഹിത്യ അവാർഡ് ലഭിച്ചു. ഇതോടെ ഈ ബഹുമതി നേടിയ പ്രായംകുറഞ്ഞ നോവലിസ്റ്റുകളുടെ ഗണത്തിൽ പത്മരാജനും ഇടംനേടി. 1975ൽ ഭരതൻ സംവിധാനം ചെയ്ത പ്രയാണം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് പത്മരാജന്റെ സിനിമാപ്രവേശം.
തുടർന്ന് സിനിമയിൽ തിരക്കുള്ള കഥാകാരനായി അദ്ദേഹം മാറി. 1979ൽ പെരുവഴിയമ്പലം എന്ന ചിത്രം സംവിധാനം ചെയ്ത് മികവുപ്രകടമാക്കിയ അദ്ദേഹത്തിന് ദേശീയബഹുമതികൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. പത്മരാജന്റെ ഇന്നലെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, അപരൻ, മൂന്നാംപക്കം, തൂവാനത്തുമ്പികൾ, ദേശാടനക്കിളി കരയാറില്ല, ഒരു കരിയിലക്കാറ്റുപോലെ തുടങ്ങിയ എണ്ണമറ്റ ഗൃഹാതുരത്വം ഉണർത്തുന്ന മലയാള സിനിമകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.
ഗന്ധർവൻ സിനിമയാക്കരുതെന്ന് പലരും പത്മരാജനെ ഉപദേശിച്ചിരുന്നു. പക്ഷേ, ആ സിനിമയെടുക്കണമെന്ന വാശിയിലായിരുന്നു അദ്ദേഹം. ഒന്നുകിൽ അനിർവചനീയമായ ഒരു ഉൾപ്രേരണ, അല്ലെങ്കിൽ താനിനി ഒരിക്കലും സിനിമയെടുക്കില്ലെന്ന ബോധം സിനിമയുടെ ലോകത്തുനിന്നും സാഹിത്യത്തിന്റെ ലോകത്തേക്ക് അവസാനനാളുകളിൽ മടങ്ങിവരാൻ പത്മരാജൻആഗ്രഹിച്ചിരുന്നെങ്കിലും സിനിമ ഒരു നീരാളിയെപ്പോലെ അദ്ദേഹത്തെ ചുറ്റിപ്പിടിച്ചിരുന്നു. പത്മരാജൻ കഥകൾ സ്പർശിച്ചത് മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധമുള്ള വിഷയങ്ങളായിരുന്നു. അത് സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെടുന്നതായിരുന്നു.
മാത്രമല്ല, പ്രണയത്തിന് ആർദ്രഭാവം നൽകിയ കഥാപാത്രങ്ങളായിരുന്നു. മറഞ്ഞുകിടന്ന വിഷയങ്ങളെ അഭ്രപാളിയിലെത്തിച്ച ചലച്ചിത്രപ്രതിഭയായിരുന്നു അദ്ദേഹം. രസതന്ത്രബിരുദധാരിയായ അദ്ദേഹം തിരക്കഥയിൽ പുതിയ രസതന്ത്രം പരീക്ഷിച്ചാണു കടന്നുപോയത്. അതിനാൽ വർഷങ്ങൾ പിന്നിട്ടിട്ടും പത്മരാജൻ എന്ന ഗന്ധർവൻ പാലപ്പൂവിന്റെ സുഗന്ധത്തിൽ ഇന്നും മലയാളിയുടെ മനസിൽ ജീവിക്കുന്നു. കടലെത്ര ക്ഷോഭിച്ചിട്ടും കാലമെത്ര കഴിഞ്ഞിട്ടും മലയാളിയുടെ മനസിൽ പത്മരാജൻ എന്ന ഗന്ധർവനുപകരം മറ്റൊരാളില്ല.
നൗഷാദ് മാങ്കാംകുഴി
