തിരുവനന്തപുരം: ഗുരുവിൽനിന്നു കുട്ടികൾ ശാസ്ത്രീയമായി കല അഭ്യസിച്ചാൽ മാത്രമേ ഗുരു-ശിഷ്യ ബന്ധത്തിന്റെ പരിപാവനമായ സംസ്കാരം ലഭിക്കൂവെന്നു വിഖ്യാത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി.കഥകളി മേളാചാര്യൻ കലാമണ്ഡലം കൃഷ്ണദാസിന്റെ അറുപതാം പിറന്നാൾ ആഘോഷമായ കൃഷ്ണായനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണായനം സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയ്ക്കകം ശ്രീ കാർത്തിക തിരുനാൾ തിയറ്ററിലായിരുന്നു ചടങ്ങ്. മഹത്തായ ഗുരുശിഷ്യ ബന്ധത്തിന്റെ സംസ്കാരം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികളെ ശാസ്ത്രീയ കലകൾ അഭ്യസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മട്ടന്നൂർ പറഞ്ഞു.
ചലച്ചിത്ര നടൻ ജയറാം, മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ ശിഷ്യൻ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ ജയറാമിനെ ആദ്യം ചെണ്ടമേളം പഠിപ്പിക്കുന്നത് കലാമണ്ഡലം കൃഷ്ണദാസ് ആണെന്നും അതിനു ശേഷമാണ് തന്റെ കീഴിൽ അഭ്യസിച്ചതെന്നും മട്ടന്നൂർ വ്യക്തമാക്കി.ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും മാർഗി പ്രസിഡന്റുമായ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു.
വി. കലാധരൻ ആമുഖപ്രഭാഷണം നടത്തി. കലാമണ്ഡലം രാമൻ നന്പൂതിരി, പ്രഫ. കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം വിജയകൃഷ്ണൻ, കൃഷ്ണായനം സംഘാടക സമിതി പ്രസിഡന്റ് ഡോ. പി. വേണുഗോപാൽ, കോട്ടയ്ക്കൽ നാരായണൻ, പല്ലശ്ശന മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിന് മാർഗി ദൃശ്യവേദി സെക്രട്ടറി എസ്. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. എം.ഡി. സുരേഷ് ബാബു നന്ദി പറഞ്ഞു.
തുടർന്ന് നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറി. കലാമണ്ഡലം കൃഷ്ണദാസിനെ ആദരിക്കുന്നതിന്റെ ഭാഗമായി നേരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ 60 മേളക്കാർ പങ്കെടുത്ത കേളി നടന്നു. കൃഷ്ണായനത്തിന്റെ രണ്ടാം ദിവസമായ ഇന്നു വൈകുന്നേരം 4.30നു നടക്കുന്ന സമാദരണ സമ്മേനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ, സദനം കൃഷ്ണൻ കുട്ടി തുടങ്ങിയ പ്രഗത്ഭ മേള ആചാര്യന്മാർ പങ്കെടുക്കും.
