മാന്നാർ: പ്രണയം തലയ്ക്കുപിടിച്ച വീട്ടമ്മ യുവാവിന്റെ വീട്ടിലെത്തി കുത്തിയിരുപ്പുസമരം നടത്തുകയും ഒടുവിൽ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. മാന്നാർ പെരിങ്ങലിപുറത്താണ് സംഭവം.
പുതിയതായി സ്കൂളിൽ അധ്യാപകനായി എത്തിയ ആളോടാണ് വീട്ടമ്മയ്ക്ക് പ്രണയം തോന്നിയത്. 30 ഉം 25 ഉം വയസുള്ള മക്കളുടെ മാതാവായ, ഭർതൃമതിയായ 52 വയസുള്ള വീട്ടമ്മയ്ക്കാണ് ഹയർസെക്കൻഡറി സ്കൂളിൽ നിയമിതനായ അധ്യാപകനോട് പ്രണയം തോന്നിയത്.
അധ്യാപകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് പ്രണയം തലയ്ക്കു പിടിച്ച വീട്ടമ്മ ഇന്ന് അധ്യാപകന്റെ വീട്ടിൽ ചെന്ന് ബഹളം വയ്ക്കുകയും വീട്ടിൽ കുത്തിയിരിക്കുകയും ചെയ്തു.
അധ്യാപകന്റെ വീട്ടുകാർ മാന്നാർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
പോലീസുകാർ വീട്ടമ്മയോടു കാര്യങ്ങൾ സംസാരിച്ചുനിൽക്കെ അവർ ഓടി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയായിരുന്നു. കരയ്ക്ക് കയറ്റിയ വീട്ടമ്മ നിലവിൽ മാവേലിക്കര ആശുപത്രിയിൽ ചികിത്സയിലാണ്.
