ആലത്തൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവി സംസ്ഥാന നേതൃത്വത്തിന്റെ തലയിൽമാത്രം കെട്ടിവയ്ക്കേണ്ടതില്ലെന്നും പ്രാദേശിക നേതാക്കളുടെ വല്യേട്ടൻ മനോഭാവം വോട്ടിംഗിനെ ബാധിച്ചുവെന്നും കേരള കോൺഗ്രസ്- എം ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി.
ആലത്തൂർ നിയോജകമണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥി മത്സരിച്ചിട്ടും ജനകീയനായ മുൻ എംഎൽഎ ഒപ്പമുണ്ടായിരുന്നിട്ടും ഭരണവിരുദ്ധവികാരം ഇല്ലാതെയിരുന്നിട്ടുപോലും ഭൂരിപക്ഷം മുൻ തെരഞ്ഞെടുപ്പിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞതിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതൃത്വത്തിന്റേയും കൂടിയാണെന്നും നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി.
നിയോജക മണ്ഡലം കമ്മിറ്റി യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ്, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി, ജില്ലാ സെക്രട്ടറി ജോസ് വടക്കേക്കര, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോഷ്വാ രാജു, അഡ്വ. ഷിജിൻ ജോസഫ്, സംസ്ഥാന സമിതിഅംഗം എൻ.പി. ജോർജ്, മണ്ഡലം പ്രസിഡന്റുമാരായ വിൽസൺ കണ്ണാടൻ, ജി. രാമചന്ദ്രൻ വണ്ടാഴി, രാമചന്ദ്രൻ തേങ്കുറിശ്ശി, കെ.വി. നാരായണൻ, കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് ഊന്നു പാലം എന്നിവർ പ്രസംഗിച്ചു.
