കുട്ടികളോട് പരീക്ഷയെ പേടിക്കേണ്ടെന്ന് പ്രധാനമന്ത്രി! പരീക്ഷാപ്പേടിയകറ്റാന്‍ പ്രധാനമന്ത്രി കുട്ടികള്‍ക്കായി എഴുതിയ പുസ്തകം പുറത്തിറക്കുന്നു; എക്‌സാം വാരിയേഴ്‌സിന്റെ ലോഗോയും ചിത്രങ്ങളും വൈറല്‍

ഫെബ്രുവരി തുടങ്ങിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അന്തരീക്ഷത്തിലെ ചൂടിനൊപ്പം പരീക്ഷാച്ചൂടും തുടങ്ങി. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ് ഇതെന്നാണ് മാതാപിതാക്കളും അധ്യാപകരും അവരെ പറഞ്ഞ് മനസിലാക്കിയിരിക്കുന്നത്. ഏറെക്കുറെ അത് ശരിയാണ് താനും. കാലം മാറിയതോടെ പരീക്ഷയെന്നത് കുട്ടികള്‍ക്ക് ഒരു ഭാരമായി മാറിയിരിക്കുകയാണ്. അതിനെ അതിജീവിക്കാന്‍ പലരും പെടാപ്പാട് പെടുകയാണ്. എന്നാല്‍ ഇനി കുട്ടികള്‍ പരീക്ഷകളെ പേടിക്കേണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറയിച്ചിരിക്കുന്നത്. ജീവിതത്തിലും വിദ്യാഭ്യാസ കാലഘട്ടത്തിലുമുള്ള പരീക്ഷകളെയും സമ്മര്‍ദ്ദങ്ങളെയും നേരിടാന്‍ വിദ്യാര്‍ഥികര്‍ക്കു പ്രചോദനവുമായി പ്രധാനമന്ത്രിയുടെ പുസ്തകം എക്‌സാം വാരിയേഴ്‌സ് പ്രകാശനം ചെയ്യും.

പരീക്ഷാ കാലത്തിനുമുമ്പ് രാജ്യമെമ്പാടുമുള്ള വിദ്യാര്‍ഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു പുസ്തകം പുറത്തിറങ്ങുക. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ പുസ്തകപ്രകാശനം നിര്‍വഹിക്കും. പരീക്ഷകള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും പുതിയ ഊര്‍ജവും പകരുന്ന ഉപദേശങ്ങളായിരിക്കും പുസ്തകത്തില്‍ ഉണ്ടായിരിക്കുക. ‘മന്‍ കി ബാത്’ പ്രഭാഷണത്തിലും പ്രധാനമന്ത്രി വിദ്യാര്‍ഥികളോടു പരീക്ഷകളെ ഉത്സവാഘോഷത്തോടെ നേരിടണമെന്നും മാനസിക സമ്മര്‍ദ്ദം കുറയ്ക്കണമെന്നും ഉപദേശിക്കാറുണ്ട്. പെന്‍ഗ്വിന്‍ ഇന്ത്യയാണ് 208 പേജുള്ള പുസ്തകം പുറത്തിറക്കുന്നത്. ബുക്ക് കവറിന്റെ ടീസര്‍ പെന്‍ഗ്വിന്‍ ഇന്ത്യ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

Related posts