അങ്കമാലി: സർക്കാരിന്റെ വനിതാ സൗജന്യ യാത്രാ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി സ്വകാര്യ ബസ് ഉടമകൾ. അങ്കമാലി – കുരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ എന്ന സ്വകാര്യ ബസിലാണ് വിദ്യാർഥികളും ഇതര സംസ്ഥാന തൊഴിലാളികളുമൊഴികെയുള്ള മുഴുവൻ പുരുഷന്മാർക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് വിചിത്രമായ പ്രതിഷേധം അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായി അങ്കമാലി ടൗൺ ജംഗ്ഷനിൽ സ്വകാര്യ ബസ് ഉടമകളുടെ നേതൃത്വത്തിൽ പ്രത്യേക ധർണയും സംഘടിപ്പിച്ചു.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി മൂലം അങ്കമാലി റൂട്ടിലെ സ്വകാര്യ ബസ് സർവീസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
നിലവിലെ സാഹചര്യത്തിൽ ബസ് ജീവനക്കാർക്ക് കൂലി നൽകാൻ പോലും കഴിയുന്നില്ല. ഡീസൽ അടിക്കാനുള്ള വരുമാനം പോലുമില്ലാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത ദയനീയ അവസ്ഥയാണെന്ന് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.
മറ്റ് ബസുകളുടെ കൂടി പ്രതിനിധിയായാണ് ‘ബെസ്റ്റ് വേ’ ബസിൽ പുരുഷന്മാർക്ക് യാത്രാസൗജന്യ പ്രഖ്യാപിച്ചുകൊണ്ട് ഉടമകൾ സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നത്.
