ചങ്ങനാശേരി: കെഎസ്ആര്‍ടിസിയുടെ കോണ്‍ഗ്രസ് അനുകൂല ട്രേഡ് യൂണിയനായ കെഎസ്ടി വര്‍ക്കേഴ്സ് യൂണിയനിലേക്ക് ഇടത്, ബിഎംഎസ് യൂണിയനുകളില്‍നിന്നും ഒഴുക്ക്. ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിലാണ് ഇതര യൂണിയനുകളില്‍നിന്നും കൂട്ടത്തോടെ ഭരണാനുകൂല യൂണിയനിലേക്ക് അംഗങ്ങള്‍ എത്തുന്നത്.
പുതുതായി കെഎസ്ടി വര്‍ക്കേഴ്സ് യൂണിയനില്‍ എത്തുന്നവര്‍ യൂണിയന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ കടന്നുകൂടുന്നു. ഇതിനെതിരേ വര്‍ഷങ്ങളായി കോണ്‍ഗ്രസിലും കെഎസ്ടി വര്‍ക്കേഴ്സ് യൂണിയനിലും പ്രവര്‍ത്തിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിലവില്‍ യൂണിയനിലുള്ള അര്‍ഹരെ ഒഴിവാക്കി പുതുതായി എത്തുന്നവരെ യൂണിയന്റെ ജില്ലാ ഭാരവാഹിത്വത്തില്‍ നിയോഗിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.
കോണ്‍ഗ്രസ് അനുകൂല യൂണിയനുകളിലെ ചില ഉന്നത നേതാക്കളുടെ പിന്‍ബലത്തോടെയാണ് പുതുതായി എത്തുന്നവര്‍ യൂണിയന്റെ മേല്‍ഘടകങ്ങളില്‍ സ്ഥാനമുറപ്പിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷക്കാലം സിപിഎം, ബിഎംഎസ് ട്രേഡ് യൂണിയന് സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയോടെ ഏറ്റുമുട്ടിയവരെ പൊടുന്നനെ യൂണിയന്റെ തലപ്പത്തേക്ക് പ്രതിഷ്ഠിക്കുന്നത് യൂണിയനെ ദോഷകരമായി ബാധിക്കുമെന്നും കെഎസ്ടി വര്‍ക്കേഴ്സ് യൂണിയന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
യൂണിയന്റെ പ്രമുഖ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു പാരമ്പര്യമുള്ളവരെ നിയോഗിക്കണമെന്നും ട്രേഡ് യൂണിയനുകളിലും സര്‍വീസ് സംഘടനകളിലും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും നിവേദനം നല്‍കാനൊരുങ്ങുകയാണ് കെഎസ്ടി വര്‍ക്കേഴ്സ് യൂണിയനില്‍നിന്ന് അവഗണിക്കപ്പെട്ട ഒരുവിഭാഗം പ്രവര്‍ത്തകർ.
