പരവൂർ: അസംസ്കൃത എണ്ണ വിലയിൽ ഉണ്ടായിട്ടുള്ള കുതിച്ച് ചാട്ടത്തിന്റെ സാഹചര്യത്തിൽ പായ്ക്കറ്റ് ഉത്പന്നങ്ങളുടെ വില കൂട്ടാനോ അല്ലങ്കിൽ അളവ് കുറയ്ക്കാനോ നിർമാണ കമ്പനികൾ നീക്കം തുടങ്ങി.
സോപ്പ്, ബിസ്ക്കറ്റ്, ലഘുഭക്ഷണങ്ങൾ, ശീതള പാനീയങ്ങൾ തുടങ്ങിയവയുടെ വില വർധിപ്പിക്കാനോ അല്ലെങ്കിൽ ഒരേ വിലയ്ക്ക് നൽകുന്ന പായ്ക്കറ്റുകളുടെ തൂക്കത്തിൽ കുറവ് വരുത്താനോ ആണ് കമ്പനികളുടെ തീരുമാനം. ഇത് ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനികൾ നൽകുന്ന സൂചന. രാജ്യത്തെ സാധാരണക്കാരുടെ കുടുംബ ബജറ്റ് ഇതോടെ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ചൂണ്ടിക്കാണി ക്കപ്പെടുന്നു.
അസംസ്കൃത എണ്ണയുടെ വില അനുദിനം ഉയരുന്നത് ഉത്പന്നങ്ങളുടെ പായ്ക്കിംഗ്, ഗതാഗത ചെലവുകൾ വളരെയധികം വർധിച്ചതായി കമ്പനികൾ പറയുന്നു. പ്ലാസ്റ്റിക് പാക്കേജിംഗിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയർന്നതോടെ പാക്കിംഗ് ചെലവിൽ മാത്രം 15 മുതൽ 25 ശതമാനം വരെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഉത്പന്നങ്ങളുടെ വിൽപ്പന കാര്യത്തിൽ അടിയന്തര പരിഷ്കരണത്തിന് കമ്പനികൾ നിർബന്ധിതമായിട്ടുള്ളത്.
വില വർധന ഉപഭോക്താക്കളെ നേരിട്ട് ബാധിക്കാതിരിക്കാൻ തൂക്കം കുറയ്ക്കൽ അഥവാ ഗ്രാമേജ് കട്ട് എന്ന തന്ത്രമാണ് പല കമ്പനികളും നടപ്പിലാക്കാൻ പോകുന്നത്. ഉദാഹരണത്തിന് അഞ്ച് രൂപയുടെയോ പത്ത് രൂപയുടെയോ ബിസ്ക്കറ്റ് പാക്കറ്റിന്റെ വില മാറ്റമില്ലാതെ നിലനിർത്തി അതിലെ ബിസ്കറ്റുകളുടെ എണ്ണമോ തൂക്കമോ കുറയ്ക്കും.
പാർലെ , ഡാബർ അടക്കമുള്ള രാജ്യത്തെ ഭൂരിഭാഗം പ്രമുഖ കമ്പനികളും വിപണിയിലെ അപ്രതീക്ഷിത സാഹചര്യം കണക്കിലെടുത്ത് ഇത്തരം പരിഷ്കരണത്തിനുള്ള തയാറെടുപ്പിലാണെന്നാണ് വിവരം.
വിലക്കയറ്റത്തിനിടയിലും സാധാരണക്കാർക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ ചെറിയ പായ്ക്കറ്റുകൾ കൂടുതൽ വിപണിയിൽ ഇറക്കാനും കമ്പനികൾ തീരുമാനി ച്ചിട്ടുണ്ട്.
200 മില്ലിഗ്രാം മുതലുള്ള ചെറിയ പായ്ക്കറ്റുകൾ ലഭ്യമാക്കുന്നതിലൂടെ പ്രതിമാസ ബജറ്റ് നിയന്ത്രിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. കേന്ദ്ര സർക്കാർ അടുത്തിടെ ഏർപ്പെടുത്തിയ ജിഎസ്ടിയിലെ കുറവ് വഴി വിപണിയിൽ വൻ ഉണർവ് പ്രതീക്ഷിച്ചിരുന്ന കമ്പനികൾക്ക് ഇപ്പോഴത്തെ യുദ്ധം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
