തൃശൂർ: പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ… തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ പാട്ടിനെ പരിഹസിച്ച് മറുപടിപ്പാട്ടുമായി സിപിഎം മുൻ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പോറ്റിയെ ആരാണു ശബരിമലയിലേക്കു കൊണ്ടുപോയതെന്നും അവർ പത്രസമ്മേളനത്തിൽ ചോദിച്ചു.
കോൺഗ്രസ് ഉയർത്തുന്ന എൽഡിഎഫ് – ബിജെപി അന്തർധാര ആരോപണങ്ങൾ നുണപ്രചാരണമാണ്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു ഗാരന്റികൾ പൊള്ളയാണ്. തെലുങ്കാന ഉൾപ്പടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി.
വയനാട് ദുരന്തബാധിതർക്കു വീടു നിർമിച്ചുനൽകാനായി കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്കും ആ പണം എവിടെയാണു ചെലവാക്കിയതെന്നും വ്യക്തമാക്കാൻ കോൺഗ്രസ് തയാറാവണം. പരാജയഭീതി മൂലമാണു കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ വർഗീയസംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
സഭയെയും സമൂഹത്തെയും ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ഒരു മാർഗമാണ് എഫ്സിആർഎ എന്നു വൃന്ദ കാരാട്ട്. എഫ്സിആർഎ ഭേദഗതികൾ ക്രൂരമായ നിയമവും ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതുമാണ്. എഫ്സിആർഎ പ്രകാരം ഏറ്റവും വലിയ തുക ആർഎസ്എസിനു ലഭിക്കുന്നു. എന്നാൽ അതെത്രയെന്ന് ആർക്കും അറിയില്ല.
ക്രിസ്ത്യാനികളുടെ കൈവശമുള്ള സ്വത്തുക്കളും സ്ഥാപനങ്ങളും ലക്ഷ്യമിടാനാണു മോദി തന്റെ ഭൂരിപക്ഷം ഉപയോഗിക്കുന്നത്. കാരണം ഈ പണം മതപരിവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് ആർഎസ്എസ് അവകാശപ്പെടുന്നതെന്നും അവർ പറഞ്ഞു.
