ന്യൂഡൽഹി: പെൺകുട്ടികളുടെ ഹോസ്റ്റലിൽ വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം നടന്നെന്ന സമൂഹമാധ്യമ പോസ്റ്റിനെ തുടർന്ന് പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി പ്രതിഷേധം. ഒരു ഇലക്ട്രീഷ്യനാണ് അതിക്രമം നടത്തിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവരം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ഇന്നലെ രാത്രി 11- ഓടെ ആരംഭിച്ച പ്രതിഷേധം ഇന്ന് പുലർച്ചവരെ നീണ്ടു. ഇതിനിടെ വാഹനങ്ങൾക്ക് തീയിടുകയും കാമ്പസിനന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ദേശീയപാതയും വിദ്യാർഥികൾ ഉപരോധിച്ചു.
അതേസമയം, ഇത്തരത്തിലുള്ള ലൈംഗികാതിക്രമ സംഭവം കാമ്പസിൽ നടന്നിട്ടില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. വിദ്യാർഥികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സർവകലാശാല അധികൃതർ സന്ദേശത്തിലൂടെ അറിയിച്ചു.
ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങളാണ് തകർത്തതെന്നാണ് ചില വിദ്യാർഥികളുടെ ആരോപണം. സർവകലാശാലയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം തൃപ്തികരമല്ലെന്നും യാഥാർഥ്യം മറച്ചുവയ്ക്കുകയാണെന്നും ഒരു വിദ്യാർഥി ആരോപിച്ചു. പൊലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
