കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ പൊലിസ് കേസ് എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനും ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലുമാണ് കേസ്. ആലുവ-ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന അക്ഷയ് അലീന, കലൂര്‍-ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന ഷാലിമ എന്നീ ബസുകള്‍ ഹാജരാകാനാണ് സൗത്ത് പൊലിസിന്റെ നിര്‍ദേശം.
ഇന്നലെ വൈകിട്ട് നാലോടെ രവിപുരത്താണ് ബസുകള്‍ മത്സരയോട്ടം നടത്തിയത്. കാല്നടയാത്രികരനെ ബസ് ഇടിക്കാന്‍ ചെന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. അക്ഷയ് അലീന ബസിന്റെ ഒരു വശത്ത് ഇടിച്ചാണ് ഷാലിമ ബസ് നിന്നത്. ഇതോടെ ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമായി. അക്ഷയ് അലീനയിലെ നാലു ജീവനക്കാര്‍ ചേര്‍ന്ന് ഷാലിമയിലെ ജീവനക്കാരനായ ഷിഹാബിനെ മര്‍ദിച്ചു.
ഷിഹാബിന്റെ കണ്ണിന് താഴെ ആഴത്തില്‍ മുറിവേല്‍ക്കുകയും അണപ്പല്ലുകള്‍ ഇളകുകയും ചെയ്തു. തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷിഹാബ് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ സെന്‍ട്രല്‍ പൊലിസ് കേസ് എടുത്തിരുന്നു.
