ന്യൂഡൽഹി: സ്വകാര്യ കമ്പനികൾക്ക് ആണവോർജ മേഖലയിലേക്ക് പ്രവേശിക്കാനനുവദിക്കുന്ന സസ്റ്റെയിനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ (SHANTI) ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി.
സർക്കാർ ലൈസൻസിനു കീഴിൽ സ്വകാര്യ കമ്പനികൾക്കും സംയുക്ത സംരംഭങ്ങൾക്കും ആണവനിലയങ്ങൾ നിർമിക്കാനും സ്വന്തമാക്കാനും പ്രവർത്തിപ്പിക്കാനും ഡീകമ്മീഷൻ ചെയ്യാനും അനുവദിക്കുന്നതാണ് ബിൽ.
പാർലമെന്റ് ശീതകാല സമ്മേളനത്തിൽ പാസാക്കിയ ബില്ലിന് രാഷ്ട്രപതി ശനിയാഴ്ച അംഗീകാരം നൽകിയതായി സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ആറ്റോമിക് എനർജി ആക്ട് (1962), സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ട് (2010) എന്നീ ബില്ലുകൾക്ക് പകരമാണ് SHANTI ബിൽ.
യുറേനിയം, തോറിയം എന്നിവയുടെ ഖനനം, സമ്പുഷ്ടീകരണം, ഐസോടോപ്പിക് വേർതിരിക്കൽ, ചെലവഴിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം, ഉയർന്ന തലത്തിലുള്ള റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണം, ഘനജല ഉത്പാദനം എന്നിവ കേന്ദ്ര സർക്കാരിനോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ മാത്രമായി തുടരുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
