ലോകാദ്ഭുതമായ ഗിസയിലെ ഖുഫുവിന്റെ പിരമിഡിന്റെ രഹസ്യം ചുരുളഴിയുന്നു ? 4500 വര്‍ഷം പഴക്കമുള്ള പിരമിഡിന്റെ ഉള്ളറ രഹസ്യങ്ങള്‍ അറിയാനുള്ള പദ്ധതി ഇങ്ങനെ…

പിരമിഡുകള്‍ ചരിത്രകാരന്മാര്‍ക്ക് എന്നും ഒരു പ്രഹേളികയായിരുന്നു. പിരമിഡുകളില്‍ ഏറ്റവും പ്രശസ്തവും ലോകാദ്ഭുതങ്ങളില്‍ ഒന്നുമായ ഗിസയിലെ ഖുഫുവിന്റെ പിരമിഡ് ഒരു ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുകയാണ്. 4500 വര്‍ഷം പഴക്കമുള്ള പിരമിഡിന്റെ ഉള്ളറയില്‍ എന്തായിരിക്കും എന്ന് ചരിത്ര ഗവേഷകര്‍ക്കു പോലും യാതൊരു അറിവുമില്ല. എങ്ങനെയാണ് പിരമിഡ് നിര്‍മിച്ചതെന്നുള്ളതും ഇന്നും അജ്ഞാതമായി തുടരുന്നു.

ഇതിനു പരിഹാരമായാണ് 2017ല്‍ ‘സ്‌കാന്‍ പിരമിഡ്‌സ്’ എന്ന പ്രോജക്ടിന് പാരിസ് ഹിപ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ജപ്പാനിലെ നഗോയ സര്‍വകലാശാലയിലെയും ഗവേഷകര്‍ തുടക്കമിട്ടത്. ‘കോസ്മിക് റേ ഇമേജിങ്’ ഉപയോഗിച്ച് പിരമിഡിന്റെ ഉള്‍ഭാഗത്തെ സ്‌കാനിങ്ങായിരുന്നു ലക്ഷ്യം. നവംബറില്‍ ഗിസയിലെ പിരമിഡിലും നടത്തി പരിശോധന. കണ്ടെത്തിയതാകട്ടെ ഞെട്ടിക്കുന്ന സത്യവും. പിരമിഡിന്റെ അടിത്തട്ടില്‍ 30 മീറ്റര്‍ നീളമുള്ള രഹസ്യ അറയുള്ളതായി അവര്‍ കണ്ടെത്തി. എന്നാല്‍ ആ അറയില്‍ എന്താണുള്ളതെന്നു മാത്രം ഇനിയും വെളിവായിട്ടില്ല.

4500 വര്‍ഷമായി ആരും തൊടാത്ത പിരമിഡിലെ രഹസ്യ അറയില്‍ മനുഷ്യരാശിക്കു നേരെയുള്ള ശാപമായിരിക്കാം പതിയിരിക്കുന്നതെന്നും പ്രചാരണങ്ങളുണ്ട്. എന്നാല്‍ ഗവേഷകര്‍ അതൊന്നും ചെവി കൊള്ളുന്നില്ല. യ്‌റോ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഒരു റോബോട്ടിനെ തയാറാക്കി അറയിലേക്ക് അയയ്ക്കാനാണു ഗവേഷകരുടെ തീരുമാനം.1.4 ഇഞ്ച് മാത്രം വലുപ്പമുള്ള ദ്വാരമുണ്ടാക്കി അതുവഴി ഒരു കുഞ്ഞന്‍ ‘ഇന്‍ഫ്‌ലേറ്റബ്ള്‍’ റോബട്ടിനെ കയറ്റിവിടും. അകത്തുകയറിയാലുടന്‍ അത് ‘വീര്‍ത്തു വലുതായി’ ഡ്രോണിനു സമാനമാകും. പിന്നെ രഹസ്യ അറയിലേക്കു കടന്ന് കാഴ്ചകള്‍ പകര്‍ത്തും. അതാണു ലക്ഷ്യം.

ഇതിനിടയിലാണ് പിരമിഡ് സംബന്ധിച്ച പുതിയ അവമാനവുമായി മിലാന്‍ പോളിടെക്‌നിക്കിലെ ഗുലിയോ മാഗ്‌ലി രംഗത്തു വന്നത്. പിരമിഡിലെ രഹസ്യഅറയില്‍ ഒരു സിംഹാസനമായിരിക്കണം ഉള്ളത് എന്നാണ് ഗുലിയോ പറയുന്നത്.ഉല്‍ക്കാശിലയുടെ അകക്കാമ്പ് ചൂഴ്‌ന്നെടുത്ത് അതില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചു നിര്‍മിച്ച വസ്തുക്കള്‍ നേരത്തേ തുത്തന്‍ഖാമന്‍ മമ്മിയുടെ കുടീരത്തില്‍ നിന്നു കണ്ടെത്തിയിരുന്നു. തുത്തന്‍ഖാമന്റെ കഠാര അത്തരത്തില്‍ നിര്‍മിച്ചതായിരുന്നു. എന്നാല്‍ അതിലും കരുത്തനായ ഖുഫു ഫറവോയുടെ നിഗൂഢ സിംഹാസനമായിരിക്കാം രഹസ്യ അറയിലെന്നാണ് മാഗ്ലിയുടെ നിഗമനം. അതിന് ചില പുരാതന രേഖകളുടെ വിശകലനവും അദ്ദേഹം നടത്തുന്നു. ഈജിപ്തിലെ മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ചു ലഭിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്തായാലും നൂറ്റാണ്ടുകളായി ഗവേഷകരെ അലട്ടിക്കൊണ്ടിരുന്ന ആ വലിയ ചോദ്യത്തിന് ഉത്തമാകുമോയെന്ന് കാത്തിരുന്നു കാണാം.

 

 

Related posts