മുംബൈ: രാജ്യത്തെ അതിവേഗ ഡെലിവറി (ക്വിക്ക് കൊമേഴ്സ്) മേഖല വലിയ മാറ്റത്തിലേക്കു നീങ്ങുകയാണെന്ന് ബ്ലിങ്കിറ്റ് മേധാവി ആൽബിന്ദർ ധീൻഡ്സ. എളുപ്പത്തിൽ പണം കണ്ടെത്താനുള്ള സാധ്യത കുറയുന്നു. വൻ തോതിൽ പണം സമാഹരിച്ച് കന്പനികളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും വലിയ നഷ്ടം എങ്ങനെ നികത്താമെന്ന് കന്പനികൾ ഉടൻ തന്നെ തീരുമാനിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രതിസന്ധിയിൽ ബ്ലിങ്കിറ്റ് നിലനിൽക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമെന്ന് ബ്ലൂംബെർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപറേഷൻ, ടെമാസെക് ഹോൾഡിംഗ്സ്, മിഡിൽ ഈസ്റ്റേണ്‍ സോവറിൻ ഫണ്ടുകൾ തുടങ്ങിയ ആഗോള നിക്ഷേപകർ ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് മേഖലയിലേക്ക് കോടിക്കണക്കിനു നിക്ഷേപം നടത്തി.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ നിരീക്ഷിക്കപ്പെടുന്ന ബിസിനസ് മോഡൽ കൂടിയാണിത്. യുഎസിലും യൂറോപ്പിലും സമാനമായ സംരംഭങ്ങൾ പരീക്ഷിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ നഗരങ്ങളിലെ കൂടിയ ജനസാന്ദ്രത, കുറഞ്ഞ ചെലവിൽ തൊഴിലാളികളെ ലഭിക്കുന്നത്, ഡിജിറ്റൽ പേയ്മെന്റുകളുടെ വ്യാപനം എന്നിവ ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് മേഖലയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്.
ഈ മോഡലിന്റെ സാന്പത്തിക നിലനിൽപ്പിന് കാര്യക്ഷമമായ ലോജിസ്റ്റിക്സ് സംവിധാനവും തുടർച്ചയായി ലഭിക്കുന്ന മൂലധനവും അത്യാവശ്യമാണ്. ഇന്ത്യൻ ക്വിക്ക് കൊമേഴ്സ് കന്പനികൾക്കു നഷ്ടം പെരുകിയതോടെ നിലവിൽ കൂടുതൽ നിക്ഷേപം കണ്ടെത്താൻ പ്രയാസമേറിയിരിക്കുകയാണെന്നാണ് വിലയിരുത്തൽ. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച് ബ്ലിങ്കിറ്റിന്റെ എതിരാളിയും സ്വിഗ്ഗ്വിയുടെ ക്വിക്ക് കൊമേഴ്സ് ഘടകവുമായ ഇൻസ്റ്റാമാർട്ട് ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷമാണ് 1.3 ബില്യൻ ഡോളർ ഓഹരി വിപണി പ്രവേശനത്തിലൂടെ കന്പനി സമാഹരിച്ചത്.
ഒരു വർഷത്തിനുശേഷം ഐപിഒ വിലയ്ക്ക് തുല്യമായ തുകയ്ക്ക് ഓഹരി വിൽപ്പനയിലൂടെ 1.1 ബില്യൻ കൂടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഇൻസ്റ്റാമാർട്ട്. അടുത്ത വർഷം ഓഹരി വിപണി പ്രവേശനം പ്രതീക്ഷിക്കുന്ന സെപ്റ്റോയും അടുത്തിടെ 450 മില്യൻ ഡോളർ സമാഹരിച്ചിരുന്നു. ഇതു രണ്ടും ഈ മേഖലയിൽ ആവശ്യമായ ഭീമമായ മൂലധനത്തിന്റെ ആവശ്യകത എടുത്തു കാണിക്കുന്നതാണ്.
മുട്ട മുതൽ ഐഫോണ്‍ വരെയുള്ളവ 10 മിനിറ്റിനുള്ളിൽ എത്തിച്ചുകൊടുക്കുന്നതിന് വേണ്ട ഭീമമായ ചെലവാണ് ഇതിനുള്ള കാരണം. സാധാരണയായി ഇത്തരമൊരു അസന്തുലിതാവസ്ഥ നിലനിൽക്കുന്പോൾ തിരുത്തൽ വളരെ വേഗത്തിലായിരിക്കും ധീൻഡ്സ പറഞ്ഞു.
ഇൻസ്റ്റമാർട്ടിന്റെയും ബ്ലിങ്കിറ്റിന്റെയും വരവ് ആമസോണ്‍, ഫ്ളിപ്പ്കാർട്ട്, റിലയൻസ് റീട്ടെയിൽ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും ഈ മേഖലയിലേക്ക് ആകർഷിച്ചു. ഇതു പ്രധാന നഗരങ്ങളിൽ മത്സരം കടുപ്പിക്കുകയാണ്. അസംഘടിതമായ ലോജിസ്റ്റിക്സ് രംഗവും ഇത്തരം കന്പനികൾക്ക് വെല്ലുവിളിയാണ്. ഓണ്‍ലൈൻ റിട്ടെയ്ലും ക്വിക്ക് കൊമേഴ്സും തമ്മിലുള്ള അതിർവരന്പ് പതിയെ ഇല്ലാതാകുമെന്നും ധീൻഡ്സ പ്രതീക്ഷിക്കുന്നു.
