പേവിഷബാധയുള്ള മൃഗത്തിന്റെ കടിയേറ്റ (മാന്തലുമാകാം) ഭാഗം സോപ്പ് ഉപയോഗിച്ച് പച്ചവെള്ളത്തില്‍ (ടാപ്പിനു ചുവടെയെങ്കില്‍ അത്യുത്തമം) 15 മുതല്‍ 20 മിനിട്ട് വരെ നന്നായി കഴുകുക. മുറിവ് പൊതിഞ്ഞുകെട്ടുകയോ തുന്നലിടുകയോ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യസ്ഥാപനത്തില്‍ ചികിത്സയ്ക്ക് എത്തുക.
വാക്സിനേഷൻ രീതി…
മുറിവിന്റെ സ്വഭാവം, തലച്ചോറില്‍ നിന്നുള്ള മുറിവിന്റെ അകലം എന്നീ കാര്യങ്ങള്‍ പരിശോധിച്ച് ഡോക്ടര്‍മാര്‍ വാക്സിനേഷന്റെ രീതി നിശ്ചയിക്കുന്നു. രോഗം സങ്കീര്‍ണമാകുന്നത് മുറിവിന്റെ ആഴവും തലച്ചോറില്‍ നിന്നുള്ള അകലവും അനുസരിച്ചാണ്. മുറിവിന്റെ സ്വഭാവം കണക്കിലെടുക്കാതെ തന്നെ കടിയോ മാന്തലോ ഏറ്റ ഉടന്‍ തന്നെയും മൂന്നാം ദിവസവും ഏഴാം ദിവസവും 28 ം ദിവസവും തീര്‍ച്ചയായും വാക്സിനെടുക്കണം. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭിക്കും. മുറിവിന്റെ സ്വഭാവമനുസരിച്ച് ഡോക്ടര്‍ നിര്‍ദേശിക്കുന്നതു പ്രകാരം പേവിഷബാധ തടയാനുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍ (മുറിവിലും മുറിവിന്റെ ചുറ്റുവട്ടത്തും നല്കുന്ന ഇൻജക്്ഷന്‍) സ്വീകരിക്കുക.
നേരിയ പോറൽ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണിക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.
പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ - പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി - ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം
& നാഷണൽ ഹെൽത്ത് മിഷൻ
