കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. സമൂഹത്തില്‍ മാതൃകാപരമായി പെരുമാറേണ്ട ഒരു എംഎല്‍എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ചാല്‍ പ്രതി കേസിന്റെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ട്. ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴിയും മറ്റ് തെളിവുകളും രാഹുലിനെതിരെയാണ്. ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും രക്ഷപ്പെടാന്‍ കരഞ്ഞു കാലുപിടിച്ചിട്ടും അതിജീവിതയെ ആക്രമിക്കുകയും ചെയ്തുവെന്ന് മൊഴിയില്‍ പറയുന്നു.രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
രാഹുലിനെ അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യത്തില്‍ വിടണം. അന്വേഷണവുമായി സഹകരിക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് എന്നീ നിര്‍ദ്ദേശങ്ങളുമുണ്ട്. ജാമ്യം ലഭിച്ചതോടെ ദിവസങ്ങളായി ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
