മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള കമലരാജ സർക്കാർ ആശുപത്രിയിൽ മേൽക്കൂരയുടെ പ്ലാസ്റ്റർ പെട്ടെന്ന് അടർന്നു വീണ് രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. ചിൽഡ്രൻസ് വാർഡിലെ മൂന്നാം നമ്പർ വാർഡിൽ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
ഖുഷി എന്ന് പേരുള്ള രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങിക്കിടന്നിരുന്ന കിടക്കയിലേക്കാണ് മേൽക്കൂരയുടെ വലിയൊരു പ്ലാസ്റ്റർ കഷ്ണം തകർന്നുവീണത്. അപകടത്തിൽ കുഞ്ഞിന്റെ കാലിന് പരിക്കേറ്റു. പെട്ടെന്നുണ്ടായ സംഭവത്തെ തുടർന്ന് ആശുപത്രി ജീവനക്കാർ വാർഡിൽ ഉണ്ടായിരുന്ന 16 കുട്ടികളെയും ഉടൻ തന്നെ മാറ്റിപ്പാർപ്പിച്ചു. നിരീക്ഷണത്തിനായി ആദ്യം ഇവരെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കാണ് മാറ്റിയത്, പിന്നീട് സുരക്ഷിതമായ മറ്റൊരു വാർഡിലേക്ക് മാറ്റി.
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് കെട്ടിടത്തിലുണ്ടായ ഈർപ്പമാണ് പ്ലാസ്റ്റർ അടർന്നുവീഴാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. അതേസമയം, ഒരു ആഴ്ച മുമ്പും ഇതേ വാർഡിൽ സമാനമായ രീതിയിൽ പ്ലാസ്റ്റർ തകർന്നുവീണിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. സർക്കാർ ആശുപത്രി കെട്ടിടത്തിന്റെ ദയനീയാവസ്ഥയിലും രോഗികളുടെ സുരക്ഷയിലും വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
