പുതിയ സ്മാർട്ട്ഫോൺ പോക്കറ്റിൽ കിടന്ന് ചൂടായി പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഡങ്കൗർ സ്വദേശിയായ മജിദ് എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ ഇരു കൈകൾക്കും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഗാസിയാബാദിൽ നിന്നും ജോലി കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഫോണിന് പെട്ടെന്ന് അമിതമായ ചൂട് അനുഭവപ്പെടുകയും പുക ഉയരുകയും ചെയ്തു. ഫോൺ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫോൺ പൂർണമായും തകരുകയും യുവാവിന്റെ വസ്ത്രങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ഒരു മാസം മുൻപ് ഗ്രേറ്റർ നോയിഡയിലെ പ്രശസ്തമായ മാളിലെ കടയിൽ നിന്നാണ് താൻ ഈ സാംസങ് ഫോൺ വാങ്ങിയതെന്ന് മജിദ് പറഞ്ഞു. അപകടത്തിന് മുൻപ് ഫോണിന് യാതൊരുവിധ തകരാറുകളും ഉണ്ടായിരുന്നില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
സ്മാർട്ട്ഫോണുകളിൽ അമിതമായ ചൂട് അനുഭവപ്പെടുക, വീർത്തു വരിക, പുക ഉയരുക അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധം വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും, അത്തരം ഫോണുകൾ ശരീരത്തോട് ചേർത്ത് വെക്കുകയോ പോക്കറ്റിൽ ഇടുകയോ ചെയ്യരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
