ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും റംസാൻ നാളുകൾ. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്ക്കുന്ന കാലയളവാണ് നോമ്പുകാലം. റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജനിലയും ഉന്മേഷവും. കൂടാതെ വേനൽക്കാലം, ജോലിത്തിരക്കുകൾ, ജീവിത ശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങളാണ്.
പോഷക സമ്പുഷ്ടമായആഹാരം
റംസാൻ മാസത്തിൽ ആരോഗ്യകരമായ നോമ്പനുഷ്ഠാനത്തിനായി സഹർ, ഇഫ്താർ സമയങ്ങളിൽ പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ, പഴവർഗങ്ങൾ, വെള്ളം എന്നിവ ഉൾപ്പെടുത്തണം. വിവിധ തരത്തിലുള്ള ആഹാരത്തെക്കാൾ ആരോഗ്യകരമായ വിഭവങ്ങൾക്കു മുൻതൂക്കം കൊടുക്കണം.
മില്ലറ്റുകൾ, റാഗി, ഓട്സ്
ഇടയത്താഴത്തിന് നാരുകൾ കൂടുതൽ അടങ്ങിയ മുഴുധാന്യങ്ങളായ തവിടുള്ള അരി, ഗോതമ്പ്, മില്ലറ്റുകൾ, റാഗി, ഓട്സ് എന്നിവയാണ് ഉത്തമം. സാവധാനത്തിനുള്ള ദഹനം സാധ്യമാക്കുകയും വിശപ്പ് പെട്ടെന്ന് അനുഭവപ്പെടാതെ ദിവസം മുഴുവൻ ഊര്‍ജം പകരാനും ഈ ധാന്യങ്ങൾ സഹായിക്കും.
പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട
പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട, കൊഴുപ്പു കുറഞ്ഞ പാൽ, പാൽ ഉല്‍പ്പന്നങ്ങൾ, മീൻ, തൊലി മാറ്റിയ ചിക്കൻ, നട്സ്, സ്മൂത്തി, സൂപ്പുകൾ എന്നിവ ദിവസം മുഴുവൻ ശരീരത്തിന് ബലം പകരാനും സഹായിക്കുന്നു.
പച്ചക്കറികളും പഴങ്ങളും
ഫ്രഷ് പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നതു വഴി അനിവാര്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു.
കഫീൻ പാനീയങ്ങൾ കുറയ്ക്കാം
കഫീൻ കൂടുതൽ അടങ്ങിയ പാനീയങ്ങളായ ചായ, കാപ്പി, സോഡ, കോള, ചോക്ലേറ്റ് എന്നിവ ശരീരത്തിൽ നിന്ന് കൂടുതൽ ജലം നഷ്ടപ്പെടുത്തും. ആയതിനാൽ അവയുടെ ഉപയോഗം കുറയ്ക്കുക.

(തുടരും)
