തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അളവിലും വിലയിലും യാതൊരു മാറ്റവുമില്ലെന്നും ഭക്ഷ്യവകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കി. നിലവിലുള്ള റേഷന്‍ അരിയുടെ വില 10.90 രൂപയില്‍ നിന്ന് 26 രൂപയായി വര്‍ധിപ്പിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ പൂര്‍ണ്ണമായും അവാസ്തവവും വ്യാജവുമാണെന്ന് അധികൃതര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതത്തില്‍ അരി ലഭ്യതയില്‍ കുറവുണ്ടായിട്ടുണ്ട്. 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ് ലഭ്യമാകുന്നത്. ഉത്സവകാലങ്ങളില്‍ സ്പെഷല്‍ അരി വിതരണം ചെയ്തിരുന്നത് ഈ ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നായിരുന്നു. എന്നാല്‍, മുന്‍കാലങ്ങളില്‍ ഗോതമ്പ് വിഹിതം കൂട്ടാന്‍ ആവശ്യപ്പെട്ടതും, 2025 ഡിസംബറില്‍ അരി വിഹിതത്തില്‍ കുറവുവരുത്തി പകരം ഗോതമ്പ് സ്വീകരിച്ചതുമാണ് സ്പെഷല്‍ അരി വിതരണത്തെ ബാധിച്ച പ്രധാന കാരണമെന്ന് ഭക്ഷ്യവകുപ്പ് വിശദീകരിക്കുന്നു.
ടൈഡ് ഓവര്‍ വിഹിതത്തിലെ കുറവ് പരിഹരിക്കുന്നതിനാണ് സാധാരണ റേഷന്‍ വിഹിതത്തിന് പുറമേ നീല, വെള്ള, തവിട്ട് കാര്‍ഡ് ഉടമകള്‍ക്കായി 26 രൂപ നിരക്കില്‍ അധിക അരി ലഭ്യമാക്കുന്നത്. ഇതിനായി ഉയര്‍ന്ന നിരക്കായ 23.20 രൂപ നല്കി ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം പ്രകാരമാണ് അരി വാങ്ങിയിട്ടുള്ളത്.
പരിമിതമായ സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായി അധിക അരി എത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ആഗസ്റ്റ് മാസം1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിനായി എത്തിച്ചിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.
