ബിജെപി നേതാവിനെതിരായ പതിനൊന്ന് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് യോഗി സര്‍ക്കാരിന്റെ നിര്‍ദേശം! നേതാവിന്റെ ഭാര്യയുടെ പേരിലുള്ള കേസും പിന്‍വലിക്കും; യുപിയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരായ കേസുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ദേശീയ ദളിത് കമ്മീഷന്‍ ചെയര്‍മാന്‍ രാം ശങ്കര്‍ കതേരിയക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കതേരിയക്കെതിരായ 11 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് ആഗ്ര ജില്ലാ മജിസ്ട്രേറ്റിനോടാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയത്.

പൊതുപ്രശ്നങ്ങളില്‍ കതേരിയ നടത്തിയ പ്രതിഷേധ പരിപാടികളുടെ പേരിലാണ് കതേരിയക്കെതിരെ ക്രിമിനല്‍ കേസെടുത്തതെന്ന് സര്‍ക്കാര്‍ മജിസ്ട്രേറ്റിനയച്ച കത്തില്‍ പറയുന്നു. കതേരിയയുടെ ഭാര്യ മൃദുല കതേരിയക്കെതിരായ ഒരു കേസും സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്‍മയാനന്ദയ്‌ക്കെതിരായ പീഡനക്കേസ് വേണ്ടത്ര തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്‍വലിക്കണമെന്ന് ഷാജഹാന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനെ യോഗി സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേ സമയം ചിന്മയാനന്ദക്കെതിരായ കേസ് പിന്‍വലിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും യു.പി ഗവര്‍ണര്‍ രാംനായിക്കിനും യുവതി കത്തെഴുതിയിട്ടുണ്ട്.

നേരത്തെ മുസഫര്‍നഗര്‍ കലാപത്തില്‍ ആരോപണ വിധേയരായ മുന്‍കേന്ദ്ര മന്ത്രി സഞ്ജീവ് ബല്ല്യാണിനും എം.എല്‍.എമാര്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കാനും യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. യോഗി ആദിത്യനാഥിനെതിരായ കേസുകള്‍ ഉള്‍പ്പടെ 20,000 കേസുകള്‍ യു.പി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

 

Related posts