റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം; പ്രതികള്‍ പോലീസിന്റെ വലയില്‍ ?ഖത്തറിലെ മലയാളി യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നു…

ആലപ്പുഴ: റേഡിയോ ജോക്കിയും ഗായകനുമായിരുന്ന രാജേഷിന്റെ കൊലപാതകത്തില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പോലീസിന്റെ പിടിയിലായതായി സൂചന. ആലപ്പുഴ സ്വദേശികളായ മൂന്ന് പേരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. അതേസമയം കൊല നടത്തിയ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും.

ക്വട്ടേഷന്‍ സംഘത്തിന് കാര്‍ വാടകയ്ക്ക് നല്‍കിയ കായംകുളം സ്വദേശിയായ കാര്‍ ഉടമയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘാംഗങ്ങളായ മൂന്ന് പേരെ പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ആലപ്പുഴ സ്വദേശികളാണ് ഈ മൂന്ന് പേരും. എന്നാല്‍ സംഘത്തലവന് വേണ്ടി കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെ ചെന്നൈയില്‍ അന്വേഷണം നടത്തുകയാണ്.

റൂറല്‍ എസ്പിയുടെ ടീമിലുള്ള സബ് ഇന്‍സ്െപക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം ബാംഗ്ലൂരിലുണ്ട്.അതേസമയം ഫൊറന്‍സിക് സംഘം കായംകുളത്തുനിന്ന് കണ്ടെത്തിയ പ്രതികള്‍ സഞ്ചരിച്ച കാറ് കഴിഞ്ഞ ദിവസം ഫൊറന്‍സിക് സംഘം വ്യക്തമായി പരിശോധിച്ചു.പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കൈമാറും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ അന്വേഷണത്തിന് കൂടുതല്‍ സഹായകരമാകുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി പറഞ്ഞു.

ഇതിനിടെ ആര്‍ജെ രാജേഷുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടും പോലീസിനോട് സമ്മതിച്ച ഖത്തറിലെ മലയാളി യുവതിയെ നാട്ടിലെത്തിക്കുവാനുള്ള ശ്രമവും പോലീസ് നടത്തുകയാണ്. രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവിന് പങ്കുണ്ടെന്നും നര്‍ത്തകിയായ യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

യുവതിയുടെ ഭര്‍ത്താവിനെ കുറിച്ചും പോലീസ്, എംബസിയുടെ സഹായത്തോടെ ഖത്തറില്‍ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘത്തലവന്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ എല്ലാ പ്രതികളെയും പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

 

Related posts