ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടിയേ മതിയാവൂ, കാരണം റേപ്പിന് തുല്യമായ ക്രൂരതയാണ് അവര്‍ അനുഭവിച്ചത്! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് നീതി ലഭിക്കണമെന്നും കാരണം അതിനുംമാത്രം ആ പെണ്‍കുട്ടി അനുഭവിക്കുകയുണ്ടായെന്നും വ്യക്തമാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നും കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ കിട്ടിയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ നില്‍ക്കുന്ന വിഷയത്തില്‍ തീര്‍ച്ചയായും നടിയ്ക്ക് നീതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം പറഞ്ഞത്.

ഒരാളൊരു ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ശിക്ഷ കിട്ടിയേ പറ്റൂ. അതനുഭവിച്ചത് ഒരു സ്ത്രീയുമാണ്. റേപ്പിന് തുല്യമായ കുറ്റമാണ് അവര്‍ അനുഭവിച്ചത്. അവര്‍ക്ക് അതിനുള്ള നീതി കിട്ടണം. അത് കോടതി നല്‍കും.

അതു തന്നെയാണ് എല്ലാവരുടെയും വിശ്വാസം. നിയമ വ്യവസ്ഥയില്‍ വിശ്വാസമുള്ളവരാണ് നമ്മളെല്ലാവരുമെന്നും കോടതിയില്‍ നിലനില്‍ക്കുന്ന വിഷയം വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്നമാക്കേണ്ട കാര്യമുണ്ടോയെന്നും റോഷന്‍ ചോദിച്ചു.

ആക്രമിക്കപ്പെട്ട നടി ഇപ്പോള്‍ കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ്. ക്രൈം ചെയ്ത വ്യക്തിക്കും വിഷയങ്ങളുണ്ടാവാം. കോടതിയില്‍ നില്‍ക്കുന്ന വിഷയത്തിന് നീതിയുണ്ടാകുമെന്ന് ഉറപ്പാണ്. റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. സ്ത്രീകളുടെ വിഷയങ്ങള്‍ സംസാരിക്കാന്‍ ഒരു സംഘടന ഉണ്ടായത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള സിനിമയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുണ്ട്. ഫെഫ്ക, എ.എം.എം.എ തുടങ്ങി ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ സംഘടനയുമുണ്ട്. അതിന്റെ കൂട്ടത്തില്‍ ഒരെണ്ണം കൂടി വരുന്നതില്‍ എന്താണ് പ്രശ്നം. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല.

അതേ സമയം പലതരത്തിലുള്ള വിവാദങ്ങള്‍ സിനിമയില്‍ നിന്ന് ആളുകളെ അകറ്റുകയാണെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം.

Related posts