ടെഹ്റാൻ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തിയ അമേരിക്ക, ഇപ്പോൾ അതേ രാജ്യങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി.
എക്സിലാണ് അരാഗ്ചി അമേരിക്കയുടെ നിലപാടുമാറ്റത്തെ പരിഹസിച്ച് രംഗത്തെത്തിയത്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് അമേരിക്ക നിലപാടു തിരുത്തിയതെന്നും അരാഗ്ചി ആരോപിച്ചു.
“റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യയുടെമേൽ മാസങ്ങളോളം അമേരിക്ക സമ്മർദം ചെലുത്തി. എന്നാൽ ഇറാനുമായുള്ള യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളോട് വൈറ്റ് ഹൗസ് അപേക്ഷിക്കുകയാണ്…’
അരാഗ്ചി കുറിച്ചു. റഷ്യക്കെതിരേ അമേരിക്കയുടെ പിന്തുണ ലഭിക്കുമെന്നു കരുതി ഇറാനെതിരായ യുദ്ധത്തെ പിന്തുണച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെയും അരാഗ്ചി രൂക്ഷഭാഷയിൽ വിമർശിച്ചു.
