കൊച്ചി: ശബരിമല സ്വര്‍ണകൊള്ളയില്‍ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്.
അടുത്തയാഴ്ച മുതല്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ പ്രതികളായവരുടെയും പ്രതികളാകാന്‍ സാധ്യതയുള്ളവരുടെയും ചോദ്യം ചെയ്യലുകള്‍ തുടങ്ങും. പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചൂണ്ടികാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനുള്‍പ്പെടെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം,
21 ഇടങ്ങള്‍ കേന്ദ്രീകരിച്ച് ഇഡി നടത്തിയ പരിശോധനയില്‍ സ്വര്‍ണം ഉള്‍പ്പടെ കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള സാമ്പത്തിക ഇടപാടിലും ഇഡി അന്വേഷണം ഊർജിതമാക്കി. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം കടകംപള്ളിയെ വിളിച്ചു വരുത്താനാണ് തീരുമാനം.
കേസില്‍ ശാസ്ത്രീയ പരിശോധനയുടെ അന്തിമ ഫലം ലഭിക്കുന്ന മുറയ്ക്ക് എസ്ഐടി കുറ്റപത്രം തയാറാക്കും. സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന വിഎസ്എസ്സിയില് തുടരുകയാണ്. 1998, 2019 കാലഘട്ടത്തില്‍ സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളുടെയും സ്വര്‍ണം പൂശിയ പാളികളുടെയും താരതമ്യ പരിശോധനയാണ് തുടരുന്നത്. ആദ്യ പരിശോധന നടത്തിയ ശാസ്ത്രജ്ഞരുടെ മൊഴി ഇതിനോടകം എസ്ഐടി രേഖപ്പെടുത്തിക്കഴിഞ്ഞു.
