തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണത്തിന് സിബിഐ എത്തും. അന്തര്‍ സംസ്ഥാന രാജ്യാന്തരബന്ധങ്ങള്‍ ഉള്ള കേസായതിനാലാണ് അന്വേഷണം നടത്താന്‍ സിബിഐ തയാറായിരിക്കുന്നത്. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കോടതിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ സിബിഐ സംഘം അന്വേഷണത്തിന് തുടക്കമിടും. ശബരിമലയിലെ സ്വര്‍ണപ്പാളികളും കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ്പങ്ങളും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ വിലപിടിപ്പു വരുന്ന സ്വര്‍ണപ്പാളികള്‍ കടത്തിയ സംഭവം നിലവില്‍ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ കോടതി നിശിത വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളും ശബരിമല സ്വര്‍ണപ്പാളി ഇടപാടില്‍ കണ്ണികളായിട്ടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പരിമിതകളില്ലാത്ത അന്വേഷണം നടത്താന്‍ സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്കു മാത്രമെ സാധിക്കുകയുള്ളുവെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദിവസം ചെല്ലുംതോറും ശബരിമല സ്വര്‍ണപ്പാളി കടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്താന്‍ തയാറായി മുന്നോട്ടുവന്നിരിക്കുന്നത്.
സ്വര്‍ണപ്പാളി കടത്തില്‍ ഇഡി അന്വേഷണം നടത്താന്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.മോഹിത് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. കേസ് സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് ഇഡിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിദേശത്തുള്ള പ്രവാസി വ്യവസായിയും എസ്ഐടിക്ക് നല്കിയ മൊഴിയില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്ര പുരാവസ്തുക്കള്ളക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നുമായിരുന്നു മൊഴി നല്‍കിയിരുന്നത്.
- എം.സുരേഷ്ബാബു
