തിരുവനന്തപുരം: സ്വർണപാളി കൈമാറ്റത്തിൽ ഗൂഢാലോചന നടന്നെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. 2025ൽ നടന്ന സ്വർണപാളി കൈമാറ്റത്തിൽ ഒൻപത് പേർക്ക് പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് പാളികള്‍ ഉണ്ണികൃഷണൻ പോറ്റിക്ക് കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി പറയുന്നു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങളുള്ളത്.
2019ലെ വീഴ്ചകള്‍ മറയ്ക്കാനായിരുന്നു നീക്കം. ആറു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ നിറം മങ്ങിയിട്ടും മുൻ ബോർഡ് അന്വേഷണത്തിന് തയാറായില്ല. വാറണ്ടിയുണ്ടെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സ്വർണം നഷ്ടമായില്ലെങ്കിലും അഴിമതി നിരോധന വകുപ്പ് പ്രതികള്‍ക്കെതിരെ നിലനിൽക്കുമെന്ന് എസ്ഐടി വ്യക്തമാക്കുന്നു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജികുമാർ, സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ബണ്ടാരി, ഗോവർധൻ എന്നിവർ പ്രതികളാകും. പ്രതിപ്പട്ടികയിൽനിന്ന് മുരാരിബാബുവിനെ ഒഴിവാക്കി. പ്രതിപ്പട്ടിക കൊല്ലം വിജിലൻസ് വകുപ്പിന് നൽകും.
