ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് പടക്കം പൊട്ടിച്ച് യുവാവിന്റെ അഭ്യാസം പ്രകടനം. ഗുരുഗ്രാമിലെ ദ്വാരക എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് പടക്കം പൊട്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ ആകാശത്തേക്ക് പടക്കങ്ങൾ പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തുകൂടി മറ്റ് വാഹനങ്ങളും കടന്നുപോകുന്നുണ്ട്. വീഡിയോ വൈറലായതോടെ യുവാവിനെ വിമർശിച്ച് ധാരാളം ആളുകൾ രംഗത്തെത്തി. ഏതാനും നിമിഷത്തെ പ്രകടനത്തിനായി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ പ്രതികരണം.
ദീപാവലി പോലുള്ള ആഘോഷദിവസങ്ങളിൽ റോഡുകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാമെന്നാണ് ആശങ്ക.
