കടുത്തവേദനയനുഭവിച്ച് യുവതി വീടിനുള്ളില്‍ കഴിഞ്ഞത് ഒരു രാത്രിയും പകലും! പ്രളയത്തില്‍ വീടിനുള്ളില്‍ കുടുങ്ങിപ്പോയ പൂര്‍ണഗര്‍ഭിണിയ്ക്ക് രക്ഷകരായത് ദുരന്തനിവാരണ സേനാ പ്രവര്‍ത്തകര്‍

കാലവര്‍ഷം ശക്തമായി തുടരുന്നതിനിടയില്‍ ദുരിതബാധിതരായ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ദുരന്തനിവാരണ സേനാ പ്രവര്‍ത്തകരുടെ നടപടികള്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് പലപ്പോഴും പലരീതിയിലും സഹായവും അനുഗ്രഹവുമായി തീരുന്ന കാഴ്ചയാണ് കാണാനായത്.

പൂര്‍ണ്ണഗര്‍ഭിണിയായി വീടിനുള്ളില്‍ കുടുങ്ങിപ്പോയ വൈത്തിരി സ്വദേശിയായ യുവതിയെ രക്ഷപ്പെടുത്തിയ സുരക്ഷാ ജീവനക്കാരുടെ നടപടിയാണ് ഇപ്പോള്‍ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു രാത്രിയും പകലും വീടിന്റെ രണ്ടാം നിലയില്‍ പ്രസവവേദന അനുഭവിച്ച് കിടന്ന സജ്നയെയാണ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തിയത്.

ആശുപത്രിയില്‍ എത്തിച്ചയുടന്‍ തന്നെ സജ്ന പ്രസവിക്കുകയും ചെയ്തു. പ്രസവാവശ്യത്തിനായി വൈത്തിരിയിലെ അമ്മാറയിലുള്ള വീട്ടിലെത്തിയതായിരുന്നു സജ്ന. വ്യാഴാഴ്ചയോടെ ഈ പ്രദേശത്ത് ഉരുള്‍പ്പൊട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് വീടിനുള്ളില്‍ സജ്നയുടെ കുടുംബം കുടുങ്ങിപ്പോകുകയായിരുന്നു. സജ്നയുടെ മാതാപിതാക്കളും സഹോദരിയും രണ്ടാം നിലയ്ക്കുള്ളില്‍ അകപ്പെട്ടു.

ഇവരുടെ വീടിന്റെ ഒന്നാം നില പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. തുടര്‍ന്ന് സജ്നയുടെ കുടുംബം കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിഞ്ഞെങ്കിലും സേനാംഗങ്ങള്‍ക്ക് പ്രതികൂല കാലാവസ്ഥ കാരണം ഇവിടേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച രാത്രിയോടെ ഇവിടെയെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ സജ്നയേയും കുടുംബത്തേയും ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പൂര്‍ണ്ണഗര്‍ഭിണിയായ സജ്നയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഇടുക്കി ചെറുതോണിയില്‍ ചെറുതോണിപ്പുഴ നിറഞ്ഞ് കവിഞ്ഞ് അക്കരെ കടക്കുന്നത് സാഹസികമായിരിക്കെ അസുഖം മൂര്‍ച്ഛിച്ച കുട്ടിയെ സാഹസികമായി പാലം കടത്തി ആശുപത്രിയിലെത്തിച്ച ദുരന്തനിവാരണ സേനാംഗത്തിന്റെ പ്രവര്‍ത്തിയും ഏറെ കൈയ്യടി നേടിയിരുന്നു. വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ആളുകളുടെ സജീവവും നിസ്വാര്‍ത്ഥവുമായ പരിശ്രമത്തിന്റെ ഫലമായാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായതെന്ന് നിസ്സശയം പറയാം.

Related posts