സിനിമാക്കാര്‍ അമിത പരിഗണന അര്‍ഹിക്കുന്നില്ല! കാരണം കാമറയുടെ മുമ്പില്‍ കാണുന്ന പോലെയല്ല യഥാര്‍ഥ ജീവിതത്തില്‍ അവര്‍; താരാരാധനയെ തള്ളി സന്തോഷ് പണ്ഡിറ്റ്

സിനിമാക്കാര്‍ ഒരിടത്തും ഒരു രീതിയിലുള്ള അമിത പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. കുവൈറ്റില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സമയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സാംസ്‌കാരിക നായകര്‍ എന്ന് പറഞ്ഞ് നടക്കുന്നവര്‍ സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണെന്നും ജനങ്ങള്‍ സിനിമാക്കാര്‍ക്ക് അമിത പരിഗണന നല്‍കുന്നുണ്ടെന്നും അതിന്റെ ആവശ്യമില്ലെന്നും കാരണം അവരത് അര്‍ഹിക്കുന്നില്ലെന്നുമാണ് സന്തോഷ് പറഞ്ഞത്.

‘ജനങ്ങള്‍ സിനിമാക്കാര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് അവര്‍ അര്‍ഹിക്കുന്നില്ല. ജനം സിനിമാക്കാര്‍ക്ക് നല്‍കുന്നത് ദൈവതുല്യമായ പരിഗണനയാണ്. സിനിമക്കാര്‍ അത് ഒട്ടും അര്‍ഹിക്കുന്നില്ല. നാം ക്യാമറയുടെ മുന്‍പില്‍ കാണുന്നവരല്ല യഥാര്‍ത്ഥ ജീവിതത്തില്‍ പല സിനിമാക്കാരും. കൂട്ടത്തിലുള്ള നടി ആക്രമിക്കപ്പെട്ടിട്ടും അതിനെതിരെ ശബ്ദിക്കാത്തവരാണ് സിനിമയില്‍ ഉള്ളത്.

ആദരിക്കേണ്ടത് സിനിമക്കാരെയല്ല, പകരം കര്‍ഷകരെയും ശാസ്ത്രജ്ഞരെയും സൈനികരെയുമാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സുഖമുള്ള അനുഭവമാണ് അഭിനയിക്കുക എന്നത്. എന്നാല്‍ സംവിധാനം അങ്ങനെയല്ല. മൂന്നോ നാലോ സീനുകളാവും ഒരു ദിവസം അഭിനയിക്കാന്‍ ഉണ്ടാവുക. അതില്‍ തന്നെ എല്ലാ സീനുകളിലും അഭിനയിക്കേണ്ടിവരില്ല. നടനായാലും നടിയായാലും ബാക്കിസമയം മൊബൈലും നോക്കിയിരിക്കാം. അത്യാവശ്യം പഞ്ചാരയടിയുമാകാം.

എന്നാല്‍ സംവിധായകന്‍ നാലു സീനിലും സമയം ചെലവിടണം. തന്റെ സിനിമകളില്‍ സന്ദേശമുണ്ട്. അതേസമയം കലയും സാഹിത്യവുമെന്നൊക്കെ പറയുന്നവരുടെ സിനിമകളില്‍ അതുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല’. തന്റെ സിനിമ ജനം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് താന്‍ ഇവിടം വരെ എത്തിയതെന്നും അത് നേട്ടം തന്നെയാണെന്നും സന്തോഷ് പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

Related posts