ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭങ്ങളുമായി കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ താരതമ്യം ചെയ്ത ശശി തരൂർ എംപിയുടെ പരാമർശത്തിൽ പാർട്ടി നേതൃത്വത്തിൽ കടുത്ത അമർഷം. യുവാക്കളുടെ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങളെ ചെറുതാക്കിക്കാണിക്കുന്നതാണ് തരൂരിന്റെ പ്രസ്താവനയെന്ന് കോൺഗ്രസ് നേതാക്കൾ വിലയിരുത്തി.
മുംബൈയിൽ നടന്ന ഒരു സംവാദത്തിനിടെയാണ് തരൂരിന്റെ വിവാദ പരാമർശമുണ്ടായത്. പരീക്ഷാ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കീ ഗൂഞ്ച്’ പ്രക്ഷോഭത്തേക്കാൾ സിജെപിയുടെ സമരങ്ങളാണ് യുവാക്കൾക്കിടയിൽ തരംഗമായതെന്നും, പുതിയ തലമുറയെ കേൾക്കാൻ കോൺഗ്രസിന് സാധിച്ചോ എന്ന് സ്വയം പരിശോധിക്കണമെന്നും തരൂർ പറഞ്ഞിരുന്നു. യുവാക്കളുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ, തന്റെ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും പാർട്ടിക്കും നേതൃത്വത്തിനുമെതിരായ ആക്രമണമായി ഇതിനെ ചിത്രീകരിക്കുകയാണെന്നും വ്യക്തമാക്കി ശശി തരൂർ പിന്നീട് രംഗത്തെത്തി. തന്റെ പ്രസംഗത്തിന്റെ പൂർണരൂപം പങ്കുവെച്ചാണ് അദ്ദേഹം വിഷയത്തിൽ വിശദീകരണം നൽകിയത്.
