ജിബിന്‍ കുര്യന്
കോട്ടയം: കലോത്സവത്തിനായി പൂരനഗരിയിലെത്തുന്നവർക്കു വിഭവങ്ങളൊരുക്കാന്‍ പഴയിടം മോഹനനന്‍ നമ്പൂതിരിയും സംഘവും തൃശൂരിലെ ഈട്ടുപുരയിലെത്തി. മകന് യദുവും പാചകക്കാരും ഉള്‍പ്പെടെ എണ്‍പതംഗ സംഘം തവി മുതല്‍ ചെമ്പു വരെയുള്ള അടുക്കള സാമഗ്രികളുമായി ഇന്നലെ രാത്രി കോട്ടയം കുറിച്ചിത്താനത്തെ വസതിയിൽനിന്നു പുറപ്പെട്ട് പുലര്‍ച്ചെ തൃശൂരിലത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ് ഊട്ടുപുരയില്‍ പാലുകാച്ചല്‍. നാളെ രാവിലെ മുതല്‍ പ്രഭാത ഭക്ഷണവും ഉച്ചയൂണും നാലുമണി ചായയും അത്താഴവുമെല്ലാം ഭക്ഷണ പന്തലില്‍ റെഡി.
22ാം തവണയാണ് മോഹനന് നമ്പൂതിരി സംസ്ഥാന കലോത്സവത്തിന് ഊട്ടുപുരയൊരുക്കുന്നത്. പതിനായിരത്തോളം പേര്‍ക്കാണ് ദിവസവും ഭക്ഷണം ഒരുക്കേണ്ടത്. ഇഡ്ഡലി, ഇടിയപ്പം, ദോശ, പുട്ട്, ഉപ്പുമാവ് എന്നിങ്ങനെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12 ഇനം കറികളോടെയാണ് സദ്യ. അവിയല്‍, തോരന്‍, കൂട്ടുകറി, തീയല്‍, കിച്ചടി, പച്ചടി, അച്ചാര്‍, പപ്പടം, സാമ്പാര്‍, പുളിശേരി, മോര്, രസം എന്നിങ്ങനെയാണ് കറികള്‍.
ദിവസവും പായസവുമുണ്ടാകും. പാലട, ഗോതമ്പ്, പരിപ്പ്, പയര്‍ തുടങ്ങിയ ഉപയോഗിച്ചാണ് പായസം. പതിവില്‍നിന്നു വിപരീതമായി ഇത്തവണ അത്താഴത്തിനു ചോറുണ്ടാകില്ല. പകരം ചപ്പാത്തി വിളമ്പും. ചപ്പാത്തിക്കൊപ്പം വെജിറ്റബിള്‍ കറി, കുറുമ, ഗോപി മഞ്ചൂരി എന്നിവ മാറിമാറി നല്‍കും.
വൈകുന്നേരങ്ങളില്‍ ചായ്ക്കൊപ്പം ഉഴുന്നുവട, പരിപ്പുവട, സുഖിയന്‍, കൊഴുക്കട്ട, ഇലയട എന്നിവ നല്‍കും. ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്. നാലായിരം പേര്‍ക്ക് ഒരേ സമയം കഴിക്കാവുന്ന രീതിയില്‍ 200 പേര്‍ക്കുള്ള 20 കൗണ്ടറുകളാണ് രുചിയിടം എന്ന പേരില്‍ ഭക്ഷണശാലയുടെ ക്രമീകരണം.
ഇതിനൊപ്പം നാലായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കലയിടം എന്ന വിശ്രമ ഹാളും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഉച്ചയ്ക്കും വൈകുന്നേരവും കുട്ടികളുടെയും അധ്യാപകരുടെയും മറ്റ് കലാകാരന്മാരുടെയും സാംസ്കാരിക പരിപാടികളും അരങ്ങേറും.വിഭവസമൃദ്ധമായ സദ്യയുമായി 38 വര്‍ഷമായി മലയാളിയുടെ ആഘോഷവേളകളില്‍ തൂശനിലയിടുന്ന മോഹനന് നമ്പൂതിരി കേരളത്തില്‍ മാത്രമല്ല 22ലധികം വിദേശ രാജ്യങ്ങളിലും രുചിക്കൂട്ടുകളുമായി സന്ദർശനം നടത്തിയിട്ടുണ്ട്.
